വിലക്കയറ്റം നിയന്ത്രിക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലൊരുങ്ങുന്നത് 100 ലധികം ഓണ ചന്തകള്‍. 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമായി കുടുംബശ്രീ സി.ഡി.എസുകളുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ 18 മുതല്‍ 21 വരെ വിപുലമായ സൗകര്യങ്ങളോടെ ഓണച്ചന്തകള്‍ സംഘടിപ്പിക്കുക. ഇതിനു പുറമെ പാലക്കാട് കോട്ടമൈതാനത്ത് ഓഗസ്റ്റ 18 മുതല്‍ 24 വരെ ജില്ലാ ചന്തയും ഉണ്ടാകും. 1400 ഓളം കുടുംബശ്രീ സംരംഭകര്‍ ഉദ്പാദിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങളും 5000 ത്തോളം സംഘകൃഷി ഗ്രൂപ്പുകളുടെ പച്ചക്കറി വിഭവങ്ങള്‍, അന്നം റൈസ്, ജൈവ രീതിയില്‍ കൃഷി ചെയ്ത വാഴക്കുലകള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ ശര്‍ക്കരവരട്ടി, കായ വറവ് എന്നിവയും കുടുംബശ്രീ ഓണച്ചന്തകളിലൂടെ വിപണിയിലെത്തും. ശുദ്ധവും ഗുണമേന്മയുള്ളതുമായ കുടുംബശ്രീ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വിപണിയിലെത്തിക്കാനാണ് കുടുംബശ്രീ ശ്രമിക്കുന്നതെന്ന് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സെയ്തലവി പറഞ്ഞു. ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ നിര്‍മ്മിക്കുന്ന പുസ്തകങ്ങള്‍, പേപ്പര്‍ പേനകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് ഓണച്ചന്തകളില്‍ പ്രത്യേക വിപണി സൗകര്യം ഒരുക്കും. ജീവിത ശൈലീ രോഗങ്ങളുടെ നിര്‍ണ്ണയം നടത്തുന്ന സാന്ത്വനം വളണ്ടിയര്‍മാര്‍, മാലിന്യ വസ്തുക്കളെപ്പോലും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വൃദ്ധരായവര്‍ക്ക് കൈത്താങ്ങാവുന്ന ജെറിയാട്രിക് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായും പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും.
അട്ടപ്പാടിയിലെ ആദിവാസികള്‍ തയ്യാറാക്കുന്ന ഗോത്ര ഭക്ഷ്യവിഭവങ്ങള്‍ ജില്ലയിലുടനീളം ഓണച്ചന്തകളില്‍ ലഭ്യമാക്കും. മല്ലീശ്വര എന്ന ബ്രാന്‍ഡ്് പേരിലാണ് ചെറു ധാന്യങ്ങള്‍, വനവിഭവങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള വൈവിദ്ധ്യമാര്‍ന്ന ഗോത്ര വിഭവങ്ങള്‍ നൂതനമായ രീതിയില്‍ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത്.സപ്ലൈക്കോയുടെ ഓണച്ചന്തകളിലും കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാകും.