കാലവര്‍ഷം ശക്തമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.റീത്ത അറിയിച്ചു. കുടിവെള്ള സ്രോതസ്സുകളും പരിസരങ്ങളും മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ വയറിളക്കരോഗങ്ങള്‍, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം. മലിനജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ തടയാന്‍ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• നന്നായി തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു.

• വയറിളക്കം പിടിപെട്ടാല്‍ തുടക്കത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാവാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

• സാലഡുകള്‍ തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

• ആഹാരസാധനങ്ങളും മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം. ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

• ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്.

• വളംകടി പോലുള്ള രോഗങ്ങള്‍ കണ്ടാല്‍ കൈകാലുകള്‍ എപ്പോഴും ഉണക്കി സൂക്ഷിക്കുക. ആവശ്യമെങ്കില്‍ ഡോക്ടറെ കാണിക്കുക

• പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേര്‍ത്തു ഉപയോഗിക്കരുത്.

• ആഹാരം കഴിക്കുന്നതിനു മുമ്പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം.

എലിപ്പനിക്കെതിരെ ജാഗ്രത വേണം

.രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ മണ്ണോ മറ്റു വസ്തുക്കളുമായോ ഉള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലാണ് എലിപ്പനിരോഗം കൂടുതലായി കണ്ടുവരുന്നതും മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും. ഇത്തരം തൊഴിലുകള്‍ ചെയ്യുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം മുന്‍കരുതലായി ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്്. ഇത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കട്ടി കൂടിയ റബ്ബര്‍ കാലുറകള്‍, കൈയുറകള്‍ എന്നിവ ധരിക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ കഴിവതും ഒഴിവാക്കണം. ജോലിക്ക് പോവുന്നതിനു മുമ്പും ജോലി കഴിഞ്ഞു വന്നതിനു ശേഷവും മുറിവുകള്‍ ആന്റിസെപ്റ്റിക് ലേപനങ്ങള്‍ ഉപയോഗിച്ച് ഡ്രസ്സ് ചെയ്യേണ്ടതാണ്.
വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. എലിപ്പനി പിടിപെടുന്നവരില്‍ മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടാവാമെന്നതിനാല്‍ മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിക്കുവാനും സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. സ്വയംചികിത്സ യാതൊരു കാരണവശാലും പാടുള്ളതല്ല. ചികിത്സ തേടുന്നതിനുള്ള കാലതാമസം രോഗം ഗുരുതരമാവാനും മരണംവരെ സംഭവിക്കുവാനും ഇടയാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊയ്യാമരക്കാട് 17-കിണറുകളില്‍ സൂപ്പര്‍ക്ലോറിനേഷന്‍ നടത്തും

പുതുശ്ശേരി പഞ്ചായത്തിലെ കൊയ്യാമരക്കാട് പ്രദേശത്ത് ഹരിതകേരളംമിഷന്‍ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ കെ. വാസുദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 17-ഓളം കിണറുകളില്‍ മലിനജലസാന്നിധ്യം കണ്ടെത്തിയിട്ടുളളതായി കോഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍ അറിയിച്ചു. ഇവിടെ ഹരിതകേരളംമിഷനും ആരോഗ്യവകുപ്പും സംയുക്തമായി സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും.ശംഖുവാരത്തോട് , സുന്ദരംകോളനി എന്നിവിടങ്ങളിലെ വീടുകളില്‍ ഹരിതകേരളമിഷന്റേയും ജില്ലാശുചിത്വമിഷന്റേയും നേതൃത്വത്തില്‍ അണുനാശിനി ഉപയോഗിച്ചുളള വൃത്തിയാക്കല്‍ നടന്നു വരികയാണ്.