കനത്തമഴയില്‍ ഒലിച്ചു പോയ റോഡ് നാലു മണിക്കൂറുനുള്ളില്‍ പുനര്‍നിര്‍മിച്ച് ഒറ്റപ്പെട്ടുപോയ ഒരു പ്രദേശത്തിന് ഗതാഗതസൗകര്യമൊരുക്കിയത് മിലിട്ടറി എഞ്ചിനീയറിങ് വിഭാഗം. പുതുശേരി ഈസ്റ്റ വില്ലേജിലെ അട്ടപ്പള്ളം ഗ്രാമത്തിലാണ് കനത്ത മഴയെ അവഗണിച്ച് 37 അംഗ സംഘം റോഡ് തീര്‍ത്തത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങിയ നിര്‍മാണം വൈകീട്ട് ആറിനകം പൂര്‍ത്തിയാക്കി. പ്രദേശവാസികളും മിലിട്ടറി സംഘത്തോടൊപ്പം സഹകരിച്ചു. ദിവസേന 5000ലധികം ആളുകള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡാണ് കഴിഞ്ഞദിവസത്തെ കനത്തമഴയില്‍ തകര്‍ന്നത്. 1500ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഈ ഭാഗത്തേക്കുള്ള ഏക പ്രധാന റോഡാണ ഇത്. കാല്‍നടയാത്ര പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. അടിയന്തരമായി റോഡ് പുനസ്ഥാപിക്കണമെന്ന ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അഭ്യര്‍ഥന പ്രകാരമാണ് ക്യാപ്റ്റന്‍ കുല്‍ദീപ് സിങ് റാവത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം നിലമ്പൂരില്‍ നിന്നെത്തിയ മദ്രാസ് മിലിട്ടറി എഞ്ചിനീയറിങ് സംഘം യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് നിര്‍മാണം ഏറ്റെടുത്തത്. റോഡ് നിര്‍മാണത്തിനാവശ്യമായ നിര്‍മാണസാമഗ്രികള്‍ മുട്ടിക്കുളങ്ങരയിലെ നിര്‍മിതി കേന്ദ്രമാണ് എത്തിച്ചത്. പ്രധാന നാലു പ്രൊജക്ടുകളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ മിലിട്ടറി വിഭാഗം ഏറ്റെടുത്തിരിക്കുന്നത്. കനത്ത മഴയില്‍ പൂര്‍ണമായും തകര്‍ന്ന ശെല്‍വപുരം റോഡ് പുനര്‍നിര്‍മാണം, അഹല്യ കാംപസിന് സമീപത്തെ അപകടാവസ്ഥയിലായ പാലം, ശംഖുവാരത്തോട് പാലം പുനരുദ്ധാരണം എന്നിവയാണ് സേനയുടെ മറ്റു ദൗത്യങ്ങള്‍. ശക്തമായ ഒഴുക്കില്‍ കേടുപാടുകള്‍ സംഭവിച്ച പറളി ചെക്ക്ഡാം സംഘം സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ പുനരുദ്ധാരണവും സംഘത്തിന്റെ പരിഗണനയിലാണ്.