റോഡുകൾ നന്നാക്കുന്നതിന് ആയിരം കോടി രൂപ

കാലവർഷത്തിൽ തകർന്ന റോഡുകൾ നന്നാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് ഒന്നാം ഘട്ടമായി 1000 കോടി രൂപയ്ക്ക് ഭരണാനുമതി നൽകാൻ തീരുമാനിച്ചു. ജൂൺ-ജൂലൈ മാസങ്ങളിലുണ്ടായ പേമാരിയിൽ 8420 കിലോമീറ്റർ റോഡുകൾ തകർന്നതായാണ് പൊതുമരാമത്ത് വകുപ്പ് പ്രാഥമികമായി കണക്കാക്കിയിട്ടുളളത്.

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലേക്കുളള റോഡുകൾ നന്നാക്കുന്നതിന് 200 കോടി രൂപയുടെ ഭരണാനുമതി നൽകാൻ തീരുമാനിച്ചു.

ഗോവൻ മാതൃകയിൽ 5 നദികളിൽ ബന്ധാരകൾ

കാസർകോട്, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ 5 നദികളിൽ ജലസംഭരണത്തിന് ഗോവൻ മാതൃകയിൽ ബന്ധാരകൾ നിർമ്മിക്കാൻ തീരുമാനിച്ചു. ഭവാനി, തൂതപ്പുഴ (പാലക്കാട്), ചന്ദ്രഗിരി (കാസർകോട്), പനമരം നദീതടം (വയനാട്), അച്ചൻകോവിൽ (പത്തനംതിട്ട) നദീതടം എന്നീ നദികളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ ബന്ധാരകൾ നിർമ്മിക്കുന്നത്. ഇതിന് 175 കോടി രൂപയാണ് ചെലവ്. നദിയുടെ സ്വഭാവിക നീരൊഴുക്കുചാലിനുള്ളിൽ മാത്രമായി ജലം തടഞ്ഞു നിർത്തുന്ന സംഭരണികളാണ് ബന്ധാരകൾ. ഒരേ നദിയിൽ തന്നെ പലയിടത്തായി ബന്ധാരകൾ നിർമ്മിക്കാനാകും. മഴക്കാലത്ത് എല്ലാ ഷട്ടറുകളും മാറ്റി വെള്ളപ്പൊക്കം ഒഴിവാക്കുകയും മഴ മാറിയാൽ ഷട്ടറുകൾ ഉറപ്പിച്ച് ജലം സംഭരിക്കുകയും നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഓരോ നിര ഷട്ടറുകൾ നീക്കി നിയന്ത്രിതമായി ജലം തുറന്നുവിടുകയുമാണ് പ്രവർത്തന രീതി. ഗോവയിൽ ഇത് വളരെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

നിയമനങ്ങൾ / മാറ്റങ്ങൾ

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജിന് പാർലമെന്ററികാര്യ വകുപ്പ് സെക്രട്ടറിയുടെയും ഇന്റർനാഷണൽ മ്യൂസിക് അക്കാഡമി സ്‌പെഷ്യൽ ഓഫീസറുടെയും അധിക ചുമതല നൽകാൻ തീരുമാനിച്ചു.

രജിസ്‌ട്രേഷൻ വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ കെ.എൻ. സതീഷിന് കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറുടെയും കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെയും പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെയും അധിക ചുമതല നൽകാൻ തീരുമാനിച്ചു.

കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറർ പാട്ടീൽ അജിത് ഭഗവത് റാവുവിനെ സർവെ ആന്റ് ലാന്റ് റെക്കോർഡ്‌സ് ഡയറക്ടറായി മാറ്റി നിയമിച്ചു. കേരള ലാന്റ് ഇൻഫർമേഷൻ മിഷൻ പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

ലോട്ടറി വകുപ്പ് ഡയറക്ടർ എസ്. ഷാനവാസിനെ സഹകരണ സംഘം രജിസ്ട്രാറായി മാറ്റി നിയമിക്കുവാൻ തീരുമാനിച്ചു.

സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി. സജിത് ബാബുവിനെ കാസർകോട് ജില്ലാ കലക്ടറായി മാറ്റി നിയമിച്ചു.

സർവെ ആന്റ് ലാന്റ് റെക്കോർഡ്‌സ് ഡയറക്ടറർ കെ. ഗോപാലകൃഷ്ണനെ ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറായി മാറ്റി നിയമിച്ചു.

ചീഫ് സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് എം. അഞ്ജന ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.

തുറമുഖ വകുപ്പ് ഡയറക്ടർ എച്ച്. ദിനേശനെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാറിന് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു. എഡ്യുക്കേഷൻ മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല തടർന്നും മോഹൻ കുമാർ വഹിക്കും.

കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. കെ. അമ്പാടിയെ ലാവണം കോർപ്പറേഷനിൽ നിലനിർത്തിക്കൊണ്ട് അന്യത്രസേവന വ്യവസ്ഥയിൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്‌സിൽ മുഴുവൻ സമയ ഡയറക്ടറായി ഒരു വർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു. റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥൻ ഷേക്ക് പരീദിനെ പുനർനിയമന വ്യവസ്ഥ പ്രകാരം കേരള സംസ്ഥാന തീരദേശവികസന കോർപ്പറേഷനിൽ മാനേജിംഗ് ഡയറക്ടറായി നിയമിക്കും

തസ്തികകൾ

പൊതുമരാമത്ത് വകുപ്പിൽ 221 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഒരു ചീഫ് എഞ്ചിനീയർ, 3 സൂപ്രണ്ടിംഗ് എഞ്ചിനീയർ, 21 എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, 42 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, 84 അസിസ്റ്റന്റ് എഞ്ചിനീയർ, 35 ഗ്രോഡ് 1 ഓവസീയർ, 35 ഗ്രോഡ് 3 ഓവസീയർ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് 300 ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനും തീരുമാനിച്ചു.

മലപ്പുറം ഗവൺമെന്റ് വനിതാ കോളേജിൽ ഒരു പ്രിൻസിപ്പലിന്റെയും മൂന്ന് അസിസ്റ്റന്റ് പ്രൊഫസർമാരുടെയും തസ്തികകൾ സൃഷ്ടിക്കും.

ശാന്തൻപാറയിൽ പുതിയ സർക്കാർ കോളേജ്

ഇടുക്കി ജില്ലയിലെ ശാന്തൻപാറ പഞ്ചായത്തിൽ പൂപ്പാറയിൽ 2018-19 അധ്യയനവർഷം മുതൽ പുതിയ സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജ് ആരംഭിക്കുന്നതിന് തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു പ്രിൻസിപ്പാളിന്റെയും മൂന്ന് അസിസ്റ്റന്റ് പ്രൊഫസർമാരുടെയും തസ്തികകൾ സൃഷ്ടിക്കും.

1960-ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. കടകളിൽ ജോലി ചെയ്യുന്നവർക്ക് ഇരിക്കാൻ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും രാത്രി ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ നൽകുന്നതിനും സെക്യൂരിറ്റി ഏജൻസി വഴി നിയമിക്കപ്പെടുന്നവർക്ക് നിയമത്തിന്റെ സംരക്ഷണം നൽകാനും ഉദ്ദേശിച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.

വിഴിഞ്ഞം ഇന്റർനാഷണൽ സീ-പോർട്ട് ലിമിറ്റഡിന് സർക്കാർ ഗ്യാരന്റിയോടെ ഹഡ്‌കോയിൽ നിന്ന് 2700 കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു.

*****

ദുരിതാശ്വാനിധിയിലേക്ക് പണമടക്കാൻ പേമെന്റ് ഗേറ്റ് വേ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുളളവർക്ക് ഓൺലൈനായി പണമടക്കാനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. https://donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന സുരക്ഷിതമായി ക്രഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയോ പണമടക്കാൻ പേമെന്റ് ഗേറ്റ് വേ സജ്ജമാക്കിയിട്ടുണ്ട്. പണമടക്കുന്നവർക്ക് സംസ്ഥാന സർക്കാരിനു വേണ്ടി ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകുന്ന രശീത് ഓൺലൈനിൽ തൽസമയം ലഭ്യമാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.