പ്രളയക്കെടുതി നേരിടുന്നതിന് പണം കണ്ടെത്താനുളള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 2018 നവംബർ 30 വരെ വർദ്ധിപ്പിക്കാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.

നിലവിൽ ആറ് സ്ലാബുകളിലായാണ് ഡ്യൂട്ടി നിശ്ചയിച്ചത്. എല്ലാ സ്ലാബിലും പർച്ചേസ് കോസ്റ്റിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഡ്യൂട്ടിയിൽ നേരിയ വർദ്ധന വരുത്താനാണ് തീരുമാനം. 235 രൂപയ്ക്കും 250 രൂപയ്ക്കും ഇടയിൽ വിലയുളള മദ്യത്തിന് ഇപ്പോൾ പർച്ചേസ് കോസ്റ്റിന്റെ 21 ശതമാനമാണ് നികുതി. അത് 21.5 ശതമാനമായി വർദ്ധിക്കും. ഇതുപോലെ മറ്റു സ്ലാബുകളിലും വർദ്ധന വരുത്താനാണ് തീരുമാനം. അധിക വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പ്രളയക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനവും മന്ത്രിസഭ അവലോകനം ചെയ്തു.