പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന 6050 പേരെ കഴിഞ്ഞ രണ്ട് ദിവസമായി എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പൊതുജനങ്ങളും സന്നദ്ധസംഘടനകളും ചേര്‍ന്ന് നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. എല്ലാ  സ്ഥലങ്ങളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയവരെ ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കുടിവെള്ളവും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പ്രത്യേകടീമിനെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും പത്ത് വാഹനങ്ങളിലായി എത്തുന്ന ഭക്ഷണസാധനങ്ങള്‍ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. കോഴഞ്ചേരി തിരുവല്ല താലൂക്കുകളിലാണ് ഒറ്റപ്പെട്ട് കിടന്നിരുന്ന ആളുകളെ മാറ്റിയിട്ടുള്ളത്. നാവികസേനയുടെ ഹെലികോപ്ടറുകള്‍ രണ്ട് ദിവസമായി ആറന്മുള റാന്നി താലൂക്കുകളിലും രക്ഷാപ്രവര്‍ത്തനം നടത്തി വരികയായിരുന്നു. ഇന്ന് തിരുവല്ല താലൂക്കിലെ വിവിധ പ്രദേശങ്ങളിലും ഹെലികോപ്ടറുകളില്‍ ആളുകളെ മാറ്റുന്നുണ്ട്. തിരുവല്ല താലൂക്കില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ ഈ പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോള്‍ കൂടുതല്‍ ബോട്ടുകള്‍ വിന്യസിച്ചിട്ടുള്ളത്. വിവിധ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തിയിട്ടുള്ളതിനാലും നീരൊഴുക്ക് കുറഞ്ഞിട്ടുള്ളതിനാലും ജലനിരപ്പില്‍ വലിയ ഉയര്‍ച്ചയുണ്ടാകുന്നില്ല. എന്നാല്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ജലം ഇറങ്ങുന്നത് മൂലം താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് അല്‍പം ഉയരാന്‍ സാധ്യതയുണ്ട്. റാന്നി കോഴഞ്ചേരി താലൂക്കുകളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയുണ്ട്. ഇത് മുന്നില്‍ കണ്ട് തിരുവല്ലയില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെയും ബോട്ടുകളും ഹെലികോപ്ടറും വിന്യസിച്ചിട്ടുണ്ട്.