ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ 17 തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 2.20 കോടി രൂപ ഉപയോഗിച്ച് തീര്‍ഥാടന മുന്നൊരുക്കങ്ങളും ഇടത്താവളങ്ങളിലെ പണികളും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക്  നിര്‍ദേശം നല്‍കി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നരൊക്കങ്ങളുടെ അന്തിമ വിലയിരുത്തലിന് കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
  കുളനട(25 ലക്ഷം), മെഴുവേലി(16 ലക്ഷം), ആറന്മുള(11 ലക്ഷം), മല്ലപ്പുഴശേരി(അഞ്ച് ലക്ഷം), കോഴഞ്ചേരി(അഞ്ച് ലക്ഷം), അയിരൂര്‍(10 ലക്ഷം), റാന്നി(അഞ്ച് ലക്ഷം), റാന്നി-അങ്ങാടി(എട്ട് ലക്ഷം), റാന്നി പഴവങ്ങാടി(10 ലക്ഷം), ചെറുകോല്‍(10 ലക്ഷം), റാന്നി പെരുനാട്(35.5 ലക്ഷം), വടശേരിക്കര(20 ലക്ഷം), നാറാണംമൂഴി(അഞ്ച് ലക്ഷം), ചിറ്റാര്‍(10 ലക്ഷം), സീതത്തോട്(7.5 ലക്ഷം), കോന്നി(12 ലക്ഷം), പന്തളം നഗരസഭ(25 ലക്ഷം) എന്നീ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടാകരുത്. ഇടത്താവളങ്ങളുടെ നവീകരണം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തികളും ഈ മാസം 10ന് മുന്‍പ് പൂര്‍ത്തിയാക്കണം.  പത്തനംതിട്ട നഗരസഭയിലെ ഇടത്താവളത്തിന്റെ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഇടത്താവളങ്ങില്‍ കുടിവെള്ളം, ശുചിത്വമുള്ള ടോയ്‌ലറ്റുകള്‍, തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനാവശ്യമായ സൗകര്യങ്ങള്‍ എന്നിവ ഉണ്ടെന്ന് തദ്ദേശഭരണസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ അനുവദിച്ച തുക മാനദണ്ഡങ്ങള്‍ പാലിച്ച് തീര്‍ഥാടകര്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ചെലവഴിക്കുന്നു എന്ന് എല്ലാ തദ്ദേശഭരണ സെക്രട്ടറിമാരും ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള തുക സര്‍ക്കാരില്‍ നിന്നു ലഭിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ ചുമതലയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 16 മുതല്‍ പ്രവര്‍ത്തിക്കും. ഇവിടങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി. പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ ജില്ലാ ഭരണകൂടം വിവിധ ഭാഷകളില്‍ തീര്‍ഥാടകര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള വീഡിയോ വോള്‍, അനൗണ്‍സ്‌മെന്റ് സംവിധാനം എന്നിവ സജ്ജീകരിക്കും. തീര്‍ഥാടന കാലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും കൃത്യമായി ഡ്യൂട്ടിക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തും.
ദേവസ്വം ബോര്‍ഡ് മുന്‍ വര്‍ഷത്തേതില്‍ നിന്നും അധികമായി സന്നിധാനത്ത് 11,000 ചതുരശ്ര അടി സ്ഥലം തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിന് സജ്ജമാക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ നവംബര്‍ 10ന് മുന്‍പ് പൂര്‍ത്തിയാക്കും. ലേലം ചെയ്തു നല്‍കിയിട്ടുള്ള കടകളില്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
വനം വകുപ്പ് ശുചീകരണത്തിനായി റാന്നിയില്‍ 15 ഇക്കോ ഗാര്‍ഡുകളെ നിയോഗിക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതകളില്‍ അപകടകരമായി നിന്ന 68 മരങ്ങള്‍ വനം വകുപ്പ് മുറിച്ചു മാറ്റി. തീര്‍ഥാടന കാലയളവില്‍ വനം വകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡ് സന്നിധാനത്തും പമ്പയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കും. കാനന പാതയിലെ കാടുകള്‍ വെട്ടിത്തെളിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. നവംബര്‍ അഞ്ചിനു മുന്‍പ് കാന പാത പൂര്‍ണമായും വൃത്തിയാക്കും. പമ്പയില്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിട്ടുള്ള മൂന്നേക്കര്‍ സ്ഥലത്ത് കാന്റീന്‍ നടത്തുന്നതിന് വനം വകുപ്പിന് എതിര്‍പ്പില്ല. എന്നാല്‍, അനുമതിയില്ലാതെ വനത്തിനുള്ളില്‍ കാന്റീന്‍ പ്രവര്‍ത്തിപ്പിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും വനം വകുപ്പ് അറിയിച്ചു.
ആരോഗ്യവകുപ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 14 മുതല്‍ പ്രത്യേക ശബരിമല വാര്‍ഡ് ആരംഭിക്കും. പന്തളത്ത് വലിയകോയിക്കല്‍ ക്ഷേത്രത്തോട് ചേര്‍ന്ന് താല്‍ക്കാലിക ഡിസ്‌പെന്‍സറിയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സൗകര്യവും സജ്ജമാക്കും. മുന്‍ വര്‍ഷങ്ങളിലേതു പോലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും. തീര്‍ഥാടന കാലത്ത് ഇവിടേക്ക് ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളില്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളവര്‍ക്ക്  ഈമാസം ഒന്‍പതിന് പരിശീലനം നല്‍കും. ആയുര്‍വേദ-ഹോമിയോ വകുപ്പുകള്‍ സന്നിധാനം, പമ്പ, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ താല്‍ക്കാലിക ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിപ്പിക്കും.
വാട്ടര്‍ അതോറിറ്റി മണിക്കൂറില്‍ 33,000 ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് പമ്പയിലും സന്നിധാനത്തും ഏര്‍പ്പെടുത്തുന്നത്. 137 വാട്ടര്‍ കിയോസ്‌കുകള്‍ പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി സ്ഥാപിക്കും. തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന സമയത്ത് അധികമായി 22 വാട്ടര്‍ കിയോസ്‌കുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ തീര്‍ഥാടകര്‍ക്ക് ഒരേ സമയം ചൂടു വെള്ളവും തണുത്ത വെള്ളവും വ്യത്യസ്ത ടാപ്പുകളിലൂടെ ഒരേ കിയോസ്‌കുകളില്‍ നിന്ന് ലഭിക്കത്തക്ക വിധം 12 ഡിസ്‌പെന്‍സറുകള്‍ പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വിവിധ പോയിന്റുകളില്‍ സ്ഥാപിക്കും. ചൂടുവെള്ളം ലഭ്യമാക്കുന്നതിനുള്ള ഡിസ്‌പെന്‍സറുകളില്‍ അഞ്ച് എണ്ണം എത്തിയിട്ടുള്ളതായും ബാക്കിയുള്ളവ 14ന് മുന്‍പ് എത്തുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഇറിഗേഷന്‍ വകുപ്പ് ജില്ലയിലെ 142 കടവുകളില്‍ വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. നവംബര്‍ 10ന് മുന്‍പ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ മുഖേന പ്രത്യേക പരിശോധന നടത്തി റിപ്പോര്‍ട്ട് വാങ്ങുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട, വടശേരിക്കര എന്നിവിടങ്ങളിലെ ശബരിമല ഇടത്താവളങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഗ്യാസ് അടുപ്പുകള്‍, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍, കഴിക്കാന്‍ ഇരിപ്പിടം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കും. പ്ലാസ്റ്റിക്കിന് കാരിബാഗിനു പകരം നല്‍കുന്നതിനായി കുടുംബശ്രീ 16,000 തുണി സഞ്ചികള്‍ തയാറാക്കിയിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ മുന്‍വര്‍ഷം ചെയ്തതു പോലെ കൂടുതല്‍ തുണി സഞ്ചികള്‍ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു. കണമല, പമ്പ എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് സഞ്ചികള്‍ ശേഖരിച്ച് പകരം തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നത്.
സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പമ്പ മുതല്‍ സന്നിധാനം വരെ നിലവിലുള്ള 35 സിസി ടിവി കാമറകള്‍ക്കു പുറമേ 37 പുതിയ സിസി ടിവി കാമറകള്‍ കൂടി സ്ഥാപിക്കും. 11,12 തീയതികളില്‍ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ സന്നിധാനം മുതല്‍ പമ്പ വരെയുള്ള സ്ഥലങ്ങള്‍ ശുചിയാക്കും. വിശുദ്ധി സേനാംഗങ്ങളുടെ നേതൃത്വത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങള്‍ 14ന് മുന്‍പ് ആദ്യഘട്ട ശുചീകരണം പൂര്‍ത്തിയാക്കും.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെ പണി 90 ശതമാനവും പൂര്‍ത്തിയായതായി പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു. മഴകാരണം ചില സ്ഥലങ്ങളില്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാല്‍, 10ന് മുന്‍പ് എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
കെഎസ്ആര്‍ടിസി പമ്പയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സ്‌പെഷല്‍ ഓഫീസറെ നിയോഗിച്ചിട്ടുള്ളതായും 200 ബസുകള്‍ പമ്പയിലേക്ക് പ്രത്യേകമായി അനുവദിച്ചിട്ടുള്ളതായും അറിയിച്ചു. തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ആവശ്യാനുസരണം സര്‍വീസുകള്‍ ക്രമീകരിക്കും. മകരവിളക്ക് ദിവസത്തേക്ക് മുന്‍വര്‍ഷങ്ങളിലേതു പോലെ പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടാകും. ഈ ദിവസം തിരക്ക് കാരണം ബസുകള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കുന്നതിന് പോലീസിന്റെയും കെഎസ്ആര്‍ടിസിയുടെയും പ്രത്യേക യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പോലീസ്, ഫയര്‍ഫോഴ്‌സ്, പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ തുടങ്ങിയ വകുപ്പുകള്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. കെഎസ്ഇബിയും ബിഎസ്എന്‍എല്ലും മുന്‍വര്‍ഷങ്ങളില്‍ നല്‍കിയ എല്ലാ സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമായി ലഭ്യമാക്കുമെന്ന് അറിയിച്ചു. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അനു എസ്.നായര്‍, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ പി.ടി. ഏബ്രഹാം, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.