നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്നും മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും പറഞ്ഞു. ജില്ലയില്‍ 500 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായാണ് നടക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനം ഫലവത്തായി. കാര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും ഒറ്റപ്പെട്ടവരായി ആരുമില്ലെന്നും മന്ത്രിമാര്‍ അറിയിച്ചു.
ജീവന്‍ രക്ഷിക്കാന്‍ എല്ലാ സുരക്ഷക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും സന്നദ്ധസംഘടന പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതാണ്. ഇന്ധനക്ഷാമം രൂക്ഷമാണെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട് ഇത്തരം വാര്‍ത്തകള്‍ അവഗണിക്കണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രിമാര്‍ പറഞ്ഞു. മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴുള്ളത് എട്ട് സോണുകളിലായി ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. മെഡിക്കല്‍ ടീമും സജീവമായുണ്ട്.
ആവശ്യാനുസരണം കുടിവെള്ളം, ഭക്ഷണം എന്നിവ ക്യാമ്പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ തദ്ദേശസ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ അവസാനിച്ച് തിരിച്ചു പോകുന്ന വാര്‍ഡുകളില്‍ ശുചീകരണത്തിന് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ടീം രൂപീകരിക്കും. പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ തുടങ്ങി മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും 24 മണിക്കൂറും സേവനസന്നദ്ധരായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടര്‍ യു.വി ജോസ്, സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ബിജു, സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു, സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.