തെക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരെ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും സന്ദര്‍ശിച്ചു ആശ്വസിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാരെ തമിഴ്‌നാട് വഴി നാട്ടിലെത്തിക്കുന്നതിന് നടപടി എടുക്കും. കോഴിക്കോട് കൊയമ്പത്തൂര്‍ പളനി ഡിണ്ടിഗല്‍ കരിങ്കല്‍ പൂവാര്‍ വഴി തിരുവനന്തപുരത്തേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
 ജില്ലാ ഭരണകൂടം സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സ്റ്റേഷനിലെത്തിയ 700 ഓളം യാത്രക്കാര്‍ക്ക് പ്രഭാത ഭക്ഷണവും ആയിരത്തി അഞ്ഞൂറോളം യാത്രക്കാര്‍ക്ക് ഉച്ചഭക്ഷണവും നല്‍കി. രാത്രിയില്‍ താമസ സൗകര്യം ആവശ്യമുള്ള യാത്രക്കാര്‍ക്ക് താമസസൗകര്യവും ഒരുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടര്‍ യു.വി ജോസ്, സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ബിജു, സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു, സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ എന്നിവരും റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു.