ആലപ്പുഴ:പ്രളയ ദുരിതം തീരുന്നതുവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ  എല്ലാ ഡോക്ടർമാരും മറ്റു ജീവനക്കാരും ജോലിയിൽ ഉണ്ടായിരിക്കണമെന്നും അടിയന്തിരഘട്ടത്തിൽ ഏത് സമയത്തും ആശുപത്രിയിൽ വരണമെന്നും സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കൂടിയ വകുപ്പു മേധാവികളുടെ യോഗം തീരുമാനിച്ചു. ജീവനക്കാരുടെ എല്ലാവിധ അവധികളും കർശന നിയന്ത്രണത്തിലായിരിക്കും. മരുന്ന്, ഓക്‌സിജൻ ഐ.വി.ഫ്‌ളൂയിഡ്, പമ്പുകടിയ്ക്കുള്ള പ്രതിവിഷം എന്നിവയുടെ ലഭ്യത യോഗം വിലയിരുത്തി. അടിയന്തര ഓപ്പറേഷനുകൾ മാത്രം ചെയ്യാൻ തീരുമാനിച്ചു. മറ്റുകേസുകൾ ഗുരുതരാവസ്ഥ വിലയിരുത്തിയതിന് ശേഷം മാത്രം നടത്തും. പ്രകൃതിക്ഷോഭം മൂലം യാത്ര തടസപ്പെടുന്ന ഡോക്ടർമാർക്ക് അതത് വിഭാഗം മേധാവികൾ, യൂണിറ്റ് ചീഫുമാർ എന്നിവരുടെ മുറികളിൽ താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്താനും കൂടുതൽ ആവശ്യമെങ്കിൽ സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ 12-ാം വാർഡിൽ വേണ്ട സൗകര്യങ്ങൾ മറ്റുവിഭാഗം ജീവനക്കാർക്കടക്കം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. 17-ാം വാർഡിലെ എക്‌സാമിനേഷൻ റൂ സ്ത്രീ രോഗികൾക്കും ടെലിമെഡിസിൻ യൂണിറ്റിന് സമീപമുള്ള വാർഡ് പുരുഷന്മാർക്കും  കുട്ടികളുടെ വാർഡിന്റെ (വാർഡ് ഒന്ന്) ഒരു ഭാഗം ദുരിതബാധിതരായ കുട്ടികൾക്കും വേണ്ടി ക്രമീകരിക്കും. തുടർച്ചയായ പുനരവലോകനം നടത്തുന്നതിനായി പ്രത്യേക ടാക്‌സ് ഫോഴ്‌സിനെ തിരെഞ്ഞടുക്കും.