സംസ്ഥാനത്ത പ്രളയക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന എട്ട് ലക്ഷത്തോളം ദുരിതബാധിതർക്ക് അവശ്യമായ മരുന്നുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ വിതരണം തുടങ്ങി. മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററുകളിൽ വിവിധ ആശുപത്രികളും സന്നദ്ധ സംഘടനകളും അവശ്യ മരുന്നുകൾ എത്തിക്കുന്നുണ്ട്. ഇവിടെനിന്ന് ഇന്നും ഇന്നലയുമായി 20 കെട്ട് മരുന്നുകളാണ് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പറവൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിച്ചത്.
ദുരിത ബാധിതർക്കുള്ള അവശ്യമരുന്നുകളും സ്ഥരിമായി കഴിക്കുന്ന മരുന്നുകളും ഉൾപ്പെടെ 36 തരം മരുന്നുകൾ അടങ്ങിയ കെട്ടുകളാക്കിയാണ് വിതരണം ചെയ്യുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പി.ജി ഡോക്ടർമാരും ഫാർമസിസ്റ്റുകളും വിദ്യാർത്ഥികളും ചേർന്നാണ് മരുന്നുകൾ തരംതിരിച്ച് പായ്ക്കറ്റിലാക്കുന്നത്.