• സാധനങ്ങളുടെ വിതരണം സുഗമമാക്കാൻ പ്രളയബാധിത ജില്ലകളിൽ       തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ ലെയ്‌സൺ ഓഫിസർമാർ
  • ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 102 ലോഡ് സാധനങ്ങൾ
  • നഗരസഭ അയച്ചത് 26 ലോഡ്
  • പഞ്ചായത്ത് വകുപ്പ് 16 ലോഡ്
  • പൊലീസ് എട്ടു ലോഡ് അയച്ചു
  • കളക്ഷൻ സെന്ററുകളിലേക്കു ജനപ്രവാഹം

പ്രളയക്കെടുതി രൂക്ഷമായ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലേക്ക് തിരുവനന്തപുരത്തുനിന്ന് ഇതുവരെ 156 ലോഡ് അവശ്യ സാധനങ്ങൾ അയച്ചതായി ടൂറിസം – സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും കളക്ഷൻ സെന്ററുകളുടെ പ്രവർത്തനവും വിലയിരുത്തുന്നതിനായി സെക്രട്ടേറിയറ്റ് അനസ്‌ക്‌സിൽ കൂടിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇതുവരെ 102 ലോഡ് സാധനങ്ങൾ പ്രളയബാധിത മേഖലകളിലേക്ക് അയച്ചു. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ 26ഉം പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 20ഉം പൊലീസിന്റെ നേതൃത്വത്തിൽ എട്ടും ലോഡ് സാധനങ്ങൾ അയച്ചു. പ്രളയബാധിത ജില്ലകളിലെ ആവശ്യമായ ഇടങ്ങളിൽ സാധനങ്ങൾ കൃത്യമായി എത്തിക്കുന്നതിനും സുഗമമായി വിതരണം ചെയ്യുന്നതിനും തിരുവനന്തപുരം ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥരെ ലെയ്‌സൺ ഓഫിസർമാരായി വിവിധ ജില്ലകളിൽ നിയോഗിക്കും. ബി.ഡി.ഒമാരെയും വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെയുമാണു നിയോഗിക്കുന്നത്.

സാധനങ്ങളുടെ ശേഖരണവും വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിക്കാനും നോഡൽ ഓഫിസർമാരെ നിയോഗിക്കാനും മന്ത്രി ജില്ലാ കളക്ടർക്കു നിർദേശം നൽകി. വിവിധ സംഘടനകളും വ്യക്തികളും നൽകുന്ന സാധനങ്ങൾ ജില്ലാ ഭരണകൂടം വഴി കൃത്യമായി ആവശ്യമുള്ള സ്ഥലങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. പ്രളക്കെടുതിയിൽനിന്നു രക്ഷിച്ച് ജില്ലയിലെത്തിക്കുന്നവരെ പാർപ്പിക്കുന്ന ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ 24 മണിക്കൂറും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. ക്യാമ്പിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്. മഴക്കെടുതിമൂലം ജില്ലയിൽ വിവിധ മേഖലകളിലുണ്ടായ നാശനഷ്ടം അടിയന്തരമായി കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും മന്ത്രി നിർദേശം നൽകി. സാധനങ്ങൾ എത്തിക്കുന്നതിന് കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാൻ ലോറി ഉടമ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹകരണം തേടും.

ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളും കളക്ഷൻ സെന്ററുകളും മന്ത്രി സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ കളക്ടർ ഡോ. കെ. വാസുകി, ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാർ, എ.ഡി.എം. വി.ആർ. വിനോദ്, ഡി.സി.പി. ആർ. ആദിത്യ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.