പ്രളയത്തിന്റെ താണ്ഡവത്തിൽ നിസ്സഹായരായി  കുട്ടനാട്ടിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് ക്യാമ്പിലെത്തി ഉടുപ്പുതുന്നി നൽകി മാതൃകയാവുകയാണ് മായിത്തറ സ്വദേശികളായ മൂന്നു സ്ത്രീകൾ. മായിത്തറ സെന്റ് മൈക്കിൾസ് കോളജിലെ ക്യാമ്പിലാണ് തങ്ങൾ പഠിച്ച തൊഴിൽ കൊണ്ട് കുറച്ചുപേർക്കെങ്കിലും ആശ്വാസം പകരാൻ അവർ തയ്യൽ മെഷീനുമായി ഇരുന്നത്. തറയകാട്ടിൽ ലിൻഡ തോമസ്, പള്ളിപ്പറമ്പ് മേഴ്‌സി ബാബു, ലിൻഡ ജോയി എന്നിവർ രാവിലെ മുതൽ മൂന്നുമെഷീനുകളുമായി ക്യാമ്പിലെത്തി അംഗങ്ങൾക്ക് ലഭിച്ച ഉടുപ്പും വസ്ത്രങ്ങളും അവർക്കനുയോജ്യമായ വിധം ഷേപ്പ് ചെയ്തു നൽുകകയായിരുന്നു. ഇവർ വന്നതറിഞ്ഞതോടെ ഏറെപ്പേർ ക്യാമ്പിലെ ഉപയോഗത്തിന് ലഭിച്ച വസ്ത്രങ്ങളുമായി സമീപിക്കാൻ തുടങ്ങി. പലർക്കും ക്യാമ്പിൽ ലഭിച്ച വസ്ത്രങ്ങൾ ശരീരപ്രകൃതിക്ക് യോജിക്കാത്തതും ഇറക്കം കൂടിയതും ചെറുതുമൊക്കെയായിരുന്നു. ചുരീദാർ ഇടുന്നവർക്ക് അത് ഷേപ്പ് ചെയ്ത് നൽകേണ്ടിയും വന്നു. വൈകുന്നേരമായതോടെ ഒരു മെഷീൻ കൂടി കൊണ്ടുവരേണ്ടിവന്നു. ഏതാണ്ട് അഞ്ഞൂറോളം വസ്ത്രങ്ങളാണ് ഇവർ സൗജന്യമായി ക്യാമ്പംഗങ്ങൾക്ക് ഇടാൻ പറ്റുന്ന രീതിയിലാക്കി നൽകിയത്. കേരള ലാറ്റിൻ കാത്തോലിക് അസോസിയേഷൻ പ്രവർത്തകരാണ് മൂന്നുപേരും. ക്യാമ്പിലേക്കാവശ്യമായ ഭക്ഷണവും വെള്ളവും  സർക്കാർ സംവിധാനം വഴി കോളജിൽ എത്തിച്ചു. എടത്വ,കുട്ടനാട്, നെടുമുടി, പുളിങ്കുന്ന് പ്രദേശങ്ങളിൽ നിന്ന് പ്രളയ ഭീതിയിൽ വീടൊഴിഞ്ഞ് വന്നവരാണ് ക്യാമ്പംഗങ്ങൾ. അയ്യായിരത്തോളം പേരാണ് ക്യാമ്പിലുള്ളത്. കുട്ടനാട് നൂറുശതമാനം ഒഴിപ്പിക്കൽ പൂർത്തിയായിട്ടുണ്ട്.