** ഇന്നു ഭക്ഷ്യവസ്തുക്കൾ ആവശ്യമില്ല
** ശുചീകരണ വസ്തുക്കൾ അടിയന്തരമായി വേണം
** എല്ലാ കളക്ഷൻ കേന്ദ്രങ്ങളും പതിവുപോലെ പ്രവർത്തിക്കുന്നു
തിരുവനന്തപുരം: പ്രളബാധിത ജില്ലകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്ന ജോലികൾ ആരംഭിക്കുകയാണെന്നും ഇതു കണക്കിലെടുത്ത് കൂടുതൽ ക്ലീനിങ് സാധനങ്ങൾ അവിടേയ്ക്ക് അയക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ ഡോ. കെ. വാസുകി. ഇക്കാര്യം മുൻനിർത്തി കളക്ഷൻ സെന്ററുകളിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്നവർ ഇന്ന് കഴിയുന്നത്രയും ക്ലീനിങ് സാധനങ്ങൾ എത്തിക്കാൻ ശ്രമിക്കണമെന്നും ഭക്ഷ്യവസ്തുക്കൾ ധാരാളം ശേഖരിച്ചിട്ടുള്ളതിനാൽ ഇന്ന് തത്കാലം റെഡി ടു ഈറ്റ് സാധനങ്ങൾ ആവശ്യമില്ലെന്നും കളക്ടർ പറഞ്ഞു.
ബിസ്‌കറ്റ്, ചിപ്‌സ്, ബ്രെഡ്, ബൺ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വലിയ അളവിൽ ലഭിച്ചിട്ടുണ്ട്. ഇവ കൃത്യമായി വിവിധ ജില്ലകളിലേക്കു പോകുന്നുമുണ്ട്. എന്നാൽ ശുചീകരണ ജോലികൾ ആരംഭിച്ച സ്ഥലങ്ങളിൽ അതിനുവേണ്ട വസ്തുക്കളുടെ വലിയ ആവശ്യമുണ്ട്. ചൂല്, ബ്ലീച്ചിങ് പൗഡർ അടക്കമുള്ള അണുനാശിനികൾ, ഗ്ലൗസ്, ബൂട്ടുകൾ, സ്‌ക്രബറുകൾ, കൊതുകുതിരി, തീപ്പെട്ടി, വിവിധതരം തുണിത്തരങ്ങൾ, വിവിധ അളവിലുള്ള ചെരിപ്പുകൾ തുടങ്ങിയവ ഈ മേഖലകളിലേക്ക് ആവശ്യമുണ്ട്. ഇത്തരം വസ്തുക്കൾ കഴിയുത്രയും കൊണ്ടുവരാൻ ശ്രമിക്കണം.
ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മരുന്നുകളും ആവശ്യമുണ്ട്. കഴിയുന്നത്രയും അവശ്യ മരുന്നുകൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് അധികൃതർ അറിയിച്ചു.