ആലപ്പുഴ: ജില്ലയിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുന്നതിന് ദിവസങ്ങളായി നടന്നുവരുന്ന ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി പൊതുമരാമത്ത് – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഒഴിപ്പിക്കൽ നല്ല രീതിയിൽ നടന്നുവരുകയാണ്. ഇന്നും നാളെയുമായി എല്ലാവരെയും സുരക്ഷിത കേന്ദ്രത്തിലെത്തിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ തന്നെ അപകട മേഖലയിൽ നിന്ന് 90 ശതമാനം പേരെയും ക്യാമ്പുകളിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടനാട് ഒഴിപ്പിക്കൽ 95 ശതമാനം പൂർത്തിയായി. പാണ്ടനാട് 97 ശതമാനം പേരേയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

ജില്ലയിൽ 2,54,000 പേർ ക്യാമ്പുകളിൽ ഉണ്ട്. 935 ക്യാമ്പുകളാണ് വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്നത്. 65,000 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നു. ഇവർക്കെല്ലാം ഭക്ഷണവും വസ്ത്രവും എത്തിക്കുന്നുണ്ട്.

കുട്ടനാട്ടിൽ ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ 96 മണിക്കൂറിൽ കുട്ടനാട്ടിൽ മാത്രം 2.5 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. ഇടുങ്ങിയ സ്ഥലങ്ങളിൽ അകപ്പെട്ടവർക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്. ചെറിയ വള്ളങ്ങളിൽ ഭക്ഷണപ്പൊതികൾ എത്തിക്കാനും ഇവരെ പുറത്തേക്ക് കൊണ്ടുവരാനും നടപടി സ്വീകരിച്ചിട്ടുണ്ട് . ഇപ്പോഴും രണ്ടുമുതൽ മൂന്നുശതമാനം വരെ ആളുകൾ ക്യാമ്പിലേക്ക് വരാൻ തയ്യാറായിട്ടില്ല.

250 ഹൗസ് ബോട്ടുകൾ, 130 മോട്ടോർ ബോട്ടുകൾ, അമ്പതിൽപ്പരം സ്പീഡ് ബോട്ടുകൾ, 500 പേരെ ഉൾക്കൊള്ളാവുന്ന ബാർജ് ഉൾപ്പടെ മൂന്ന് ജങ്കാർ, ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ എന്നിവ ഉപയോഗിച്ച് ജില്ല കണ്ട ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. 15000 ട്രിപ്പുകളാണ് ഇവ പൂർത്തിയാക്കിയത്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സ്പിൽവേകളെല്ലാം ഹിറ്റാച്ചിയും മറ്റുമുപയോഗിച്ച് വീതികൂട്ടി കൊണ്ടിരിക്കുകയാണ്. തോട്ടപ്പള്ളി സ്പിൽവേയിലെ ആഴം വർധിപ്പിച്ചിട്ടുണ്ട്. വെള്ളമൊഴുക്ക് സുഗമമാക്കാനാണിത്. മുതലപ്പൊഴി, വാടപ്പൊഴി എന്നിവ തുറന്നു. നൂറോളം ട്രക്കുകൾ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ പ്രവർത്തനത്തിന് ഓടുന്നു.

ചെങ്ങന്നൂരിൽ മുന്നറിയിപ്പു നൽകിയതിനു ശേഷം ആഗസ്ത് 16നു തന്നെ 20000 പേരെ പ്രളയ സാധ്യതയുള്ള മേഖലകളിൽനിന്ന് ഒഴിപ്പിച്ചു. പാണ്ടനാട് 95 ശതമാനം പേരെ ഒഴിപ്പിച്ചു. ചെങ്ങന്നൂരിൽ 15 ലധികം ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട് . ഒരു ലക്ഷത്തോളം ആളുകൾ ക്യാമ്പുകളിലും അല്ലാതെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് അഭയം തേടി. ക്യാമ്പുകളുടെ എണ്ണം ഇതിലും കൂടും.

എൻ.ഡി.ആർ.എഫിന്റെ ഏഴ് സംഘങ്ങളിലായി 220 പേർ, നേവി 10 സംഘങ്ങൾ, ആർമി 15 ബോട്ടുകളുമായി രണ്ടു സംഘം എന്നിവ സക്രീയമായി രംഗത്തുണ്ട്. ഏഴ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുകയും നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഹെലികോപ്റ്റർ ഭക്ഷണപ്പൊതി വിതരണവും നടത്തിവരുന്നു. അഗ്നിരക്ഷാസേനയുടെ 23 ബോട്ടുകളും രക്ഷാപ്രവർത്തനത്തിലുണ്ട്.

മത്സ്യത്തൊഴിലാളികൾ അവരുടെ വള്ളങ്ങൾ ഉപയോഗിച്ച് ധാരാളം പേരെ രക്ഷപ്പെടുത്തി. 16000 പേരെ രക്ഷിക്കാൻ മത്സ്യത്തൊഴിലാളി വള്ളങ്ങൾക്ക് കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികൾ നിസ്തുലമായ പങ്കാണ് വഹിച്ചത്.

48 മണിക്കൂറും തുടർച്ചയായി വിവിധ വകുപ്പ് ജീവനക്കാരും റവന്യൂ വകുപ്പും പ്രവർത്തിക്കുന്നു. ജില്ലയിൽ നിന്നുള്ള മന്ത്രിമാർ എല്ലാവരും തന്നെ ചെങ്ങന്നൂരും കുട്ടനാടിൻരെ വിവിധ ഭാഗങ്ങളിലും സഞ്ചരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ജില്ലയിലെ ജനപ്രതിനിധികൾ പൊതുവേ എല്ലാവരും രക്ഷാപ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് വഴി ഭക്ഷ്യവസ്തുക്കൾ ക്യാമ്പുകളിൽ നിർലോഭം എത്തിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ വലിയ സഹായമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

പ്രതിസന്ധി തരണം ചെയ്യാൻ സർക്കാരിന് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. വെള്ളം ഇറങ്ങുമ്പോൾ പകർച്ചവ്യാധി സാധ്യത പരിഗണിച്ച് ജില്ലയിലെ മെഡിക്കൽ രംഗം മുഴുവൻ ജാഗ്രതയോടെ പ്രവർത്തിക്കാൻ നിർദ്ദേശം നൽകി.ആവശ്യമായ മരുന്നുകൾ കരുതിയിട്ടുണ്ട്. കുട്ടനാട്ടിൽ വാർഡ് തലത്തിൽ വീട് തോറുമുള്ള പരിശോധന നടത്തിവരികയാണ്. ഒരുതരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല.

കക്കി ഡാമിന്റെ ഷട്ടറുകൾ അല്പം ഉയർത്തിയ സാഹചര്യത്തിൽ ചട്ടപ്രകാരം ചെയ്യേണ്ട എല്ലാ മുൻകരുതലുകളും മുന്നൊരുക്കങ്ങളും ജില്ലാഭരണകൂടം എടുത്തിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ തങ്ങളുടെ ജീവൻ പണയംവെച്ചു കൊണ്ടാണ് പ്രവർത്തിച്ചത്. പാണ്ടനാട്, ഇടനാട്, ചെങ്ങന്നൂർ ഭാഗങ്ങളിൽ വാർഡ് തലത്തിൽ തിരിച്ചുകൊണ്ട് വീട് തോറുമുള്ള പരിശോധനകൾ നടത്തിവരുകയാണ്. വെള്ളം നീങ്ങി കഴിയുമ്പോഴേ യഥാർത്ഥ നാശനഷ്ടം തിട്ടപ്പെടുത്താനാവൂ. ചെങ്ങന്നൂരിലെ ഓപ്പറേഷൻസ് നിയന്ത്രിക്കുന്നതിനും ജില്ലാകളക്ടറെ സാഹായിക്കുന്നതിനുമായി മുൻ ആലപ്പുഴ കളക്ടറും ഇൻഫർമേഷൻ -പബ്ലിക് റിലേഷൻ വകുപ്പു സെക്രട്ടറിയുമായ പി.വേണുഗോപാലിനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം ചെങ്ങന്നൂരിൽ ചാർജെടുത്തു കഴിഞ്ഞു. ജില്ലാ കളക്ടർ എസ്.സുഹാസ്, സർക്കാർ നിയോഗിച്ച സ്‌പെഷൽ ഓഫീസർ മുൻ ആലപ്പുഴ കളക്ടറും റൂറൽ ഡെവലപ്‌മെന്റ് വകുപ്പ് കമ്മീഷറുമായ എൻ.പദ്മകുമാറും ആലപ്പുഴയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നു. കുട്ടനാട്ടിൽ നിന്നുള്ള 50,000 പേരാണ് ചങ്ങനാശ്ശേരിയിലും കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലും അഭയം തേടിയിട്ടുള്ളത്. ചങ്ങനാശ്ശേരിയിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.