ദുരന്തത്തിന് ശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിനും സര്‍ക്കാറും ഈ ജനങ്ങളുടെ കൂട്ടായ്മയും ഒപ്പമുണ്ടാകുമെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും പറഞ്ഞു. ജില്ലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ടാഗോര്‍ സെന്റിനറിഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. എല്ലാ വിഭാഗം ജനങ്ങളുടെയും പന്തുണയോടെയാണ് ദുരന്തം നേരിടാന്‍ കഴിഞ്ഞതെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തതോടെ ക്യാമ്പുകള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിച്ചു. ഒരു ക്യാമ്പിലും സര്‍ക്കാറിന് പണം ചെലവഴിക്കേണ്ടി വന്നില്ല.                                                                                                                                  രണ്ടാംഘട്ടത്തില്‍ പുനരധിവാസവും വീടുകളുടെയും പൊതുസ്ഥലങ്ങളുടെയും ശുചീതകരണമാണ് പ്രധാനപ്പെട്ടത്. വീടില്ലാത്തവര്‍ക്ക് വീട് വെക്കണം, വീടുകളുടെ അറ്റകുറ്റപണി, കിണര്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ പൂര്‍ത്തിയാക്കണം. ഇക്കാര്യങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സജീവമായ .ശ്രദ്ധയും ഇടപെടലും അനിവാര്യമാണ്. ആരോഗ്യവകുപ്പ് ഇടപെട്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വസ്തുക്കളും ഉപകരണങ്ങളും എത്തിക്കും. പകര്‍ച്ച വ്യാധികള്‍ പടരാതെ ശ്രദ്ധിക്കണം.
ക്യാമ്പുകളില്‍ താമസിച്ച് വീടുകളിലേക്ക് മടങ്ങുന്നവര്‍ അവരവരുടെ വീടുകലില്‍ സുരക്ഷിതാരാണെന്ന് ഉറപ്പുവരുത്താനാകുന്ന പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. മറ്റുള്ള ജില്ലകളില്‍അപേക്ഷിച്ച് കോഴിക്കോട്ട് കാലവര്‍ഷക്കെടുതിയില്‍ മരണം കുറവായത് ഇക്കാര്യത്തില്‍ നമ്മള്‍ പുലര്‍ത്തിയ ജാഗ്രത കൊണ്ടാണ്. ലോകമൊട്ടാകെ കേരളത്തെ സഹായിക്കാനെത്തുകയാണെന്നും ഡി പി രാമകൃഷ്ണന്‍ പറഞ്ഞു.                                          ഓരോ വാര്‍ഡുകളിലും നിശ്ചിത എണ്ണം വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍,ആശാ വര്‍ക്കര്‍, എസ്പിസി, സ്‌കൗട്‌സ് തുടങ്ങിയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകളും പൊതുസമൂഹവുമൊന്നിച്ച് ശുചീകരണ രംഗത്തിറങ്ങണമെന്ന് മന്തി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വാസയോഗ്യമല്ലാത്ത വീടുകളിലേക്ക് മടങ്ങേണ്ടവര്‍ക്ക് താമസമൊരുക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകണം. മഴക്കെടുതിക്ക് ശേഷം പുനരധിവാസമെന്ന വലിയ ഉത്തരവാദിത്വമാണ് നമുക്ക് ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാറിനൊപ്പം സമൂഹവും ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.