പത്തനംതിട്ടയിലെ പ്രളയ ദുരിതത്തിൽനിന്നു രക്ഷപ്പെടുത്തി സൈന്യം വർക്കലയിലെത്തിച്ച എല്ലാവരും വീടുകളിലേക്കു മടങ്ങി. 16ന് എത്തിച്ച സംഘത്തിലെ മൂന്നു പേർ ഒഴികെയുള്ളവർ രണ്ടു ദിവസത്തിനിടെ ബന്ധുവീടുകളിലേക്കും സ്വന്തം വീടുകളിലേക്കും മടങ്ങിയിരുന്നു. മൂന്നു പേർ ഇന്നലെ (21 ഓഗസ്റ്റ്) രാവിലെ വീടുകളിലേക്കു മടങ്ങി.

കണ്ണൂർ സ്വദേശികളായ സനൽ കുമാർ(20), മലപ്പുറം സ്വദേശി നന്ദഗോപാൽ(20), വയനാട് സ്വദേശി മനു പി. ജോൺ(20) എന്നിവരാണ് ഇന്നു മടങ്ങിയത്. ആറന്മുള എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് ഇവർ.

റവന്യൂ അധികൃതർ ഇവർക്ക് ആവശ്യമായ വസ്ത്രങ്ങളും പഠനോപകരണങ്ങളും അടങ്ങിയ കിറ്റ് സമ്മാനിച്ചു. വർക്കല റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവർ മടങ്ങിയത്. ശിവഗിരി ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവരും വിദ്യാർഥികളെ വീടുകളിലേക്കു യാത്രയാക്കാൻ എത്തിയിരുന്നു.