ജില്ലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയത് 118 മല്‍സ്യത്തൊഴിലാളികള്‍

വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വീടുകള്‍ക്കു മുകളില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെടുത്തിയ വൃദ്ധരും സ്ത്രീകളും കുട്ടികളുമുള്‍ക്കൊള്ളുന്ന നൂറുകണക്കിനാളുകളുടെ മുഖത്ത് നിറഞ്ഞ സന്തോഷമാണ് ഏറ്റവും വലിയ അവാര്‍ഡെന്ന് ആയിക്കരയില്‍ നിന്ന് പോയി ചാലക്കുടിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ മല്‍സ്യത്തൊഴിലാളികള്‍. ഞങ്ങളെ രക്ഷിക്കണേ എന്ന ആളുകളുടെ നിലവിളി ടിവിയില്‍ കേട്ടാണ് കഴിഞ്ഞ വ്യാഴാഴ്ച പാതിരാത്രിക്കു ശേഷം തങ്ങള്‍ തൃശൂരിലേക്ക് പുറപ്പെട്ടതെന്ന് തയ്യില്‍ സ്വദേശിയായ എസ് ബിജോയ് പറഞ്ഞു.
ഫിഷറീസ് വകുപ്പ് അധികൃതരുടെ പെട്ടെന്നുള്ള നിര്‍ദേശ പ്രകാരമാണ് നാല് ഫൈബര്‍ വള്ളങ്ങളും നാല് എഞ്ചിനുകളും ഏതാനും ലൈഫ് ജാക്കറ്റുകളുമായി ഞങ്ങള്‍ യാത്ര തിരിച്ചത്. എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്താനുള്ള ധൃതിയായിരുന്നു സംഘത്തിലെ ഓരോരുത്തരുടെയും മനസ്സില്‍. ഗതാഗതക്കുരുക്കും മറ്റ് തടസ്സങ്ങളും കാരണം ചാലക്കുടിയിലെത്തുമ്പോള്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു. ഉച്ചയൂണ് പോലും കഴിക്കാതെയാണ് തങ്ങള്‍ വള്ളങ്ങളുമായി വെള്ളത്തിലിറങ്ങിയതെന്ന് സംഘത്തിലുണ്ടായിരുന്ന സോണി ഫെര്‍ണാണ്ടസ് പറഞ്ഞു.

സൈന്യം പോലും അറച്ചുനിന്നിടത്ത് ഞങ്ങള്‍ പോയി

പുഴയോട് ചേര്‍ന്നുകിടക്കുന്ന കുത്തൊഴുക്കുള്ള പ്രദേശത്തായിരുന്നു രക്ഷാ പ്രവര്‍ത്തനം. നാവിക സേന പോലും പോവാന്‍ മടിച്ച സ്ഥലത്തേക്കാണ് പോവേണ്ടതെന്നും ധൈര്യമുണ്ടെങ്കില്‍ മാത്രം ഇറങ്ങിയാല്‍ മതിയെന്നും വഴികാട്ടാന്‍ വന്ന പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സഹായത്തിനായുള്ള നിലവിളിയായിരുന്നു ഞങ്ങളുടെ കാതുകളില്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലത്ത് അകപ്പെട്ടവരുടെ അവസ്ഥ നന്നായി അറിയുന്നവരാണ് ഞങ്ങള്‍. അതിനാല്‍ വരുന്നേടത്തുവച്ചു കാണാമെന്ന് കരുതി ഞങ്ങള്‍ ഇറങ്ങുകയായിരുന്നു.

ശക്തമായ ഒഴുക്കില്‍ ഒരു എഞ്ചിന്‍ മാത്രമുള്ള വള്ളം മതിയാവില്ലെന്ന് കണ്ടതിനാല്‍ ആകെയുണ്ടായിരുന്ന നാല് എഞ്ചിനുകള്‍ രണ്ടെണ്ണത്തില്‍ ഘടിപ്പിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം. രണ്ടോ അധിലധികമോ ദിവസമായി കെട്ടിടങ്ങളുടെ ടെറസില്‍ അഭയം തേടിയവരായിരുന്നു ആളുകളിലേറെയും. ഒന്നാംനില മുഴുവന്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന സ്ഥിതിയായിരുന്നു പലയിടങ്ങളിലും. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ ആളുകള്‍ വള്ളത്തില്‍ കയറുമ്പോള്‍ അത് മറിയാതിരിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു.

വള്ളം ഓടിച്ചത് വാഹനങ്ങള്‍ക്കു മുകളിലൂടെ

റോഡുകളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും മതിലുകള്‍ക്കും മുകളിലൂടെയായിരുന്നു പലയിടങ്ങളിലും വള്ളങ്ങളോടിച്ചു പോയത്. കെ.എസ്.ആര്‍.ടി.സി ബസ്സ് പൂര്‍ണമായും മുങ്ങിക്കിടക്കുകയായിരുന്നു. മുളകൊണ്ട് കുത്തി ആഴം നോക്കിയ ശേഷമാണ് വള്ളമോടിച്ചത്. ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ എഞ്ചിന്‍ കേടുവരാതിരിക്കാന്‍ അത് ഓഫ് ചെയ്ത് രണ്ടുപേര്‍ വെള്ളത്തിലിറങ്ങി വള്ളം വലിക്കുകയായിരുന്നു. രണ്ടുദിവസത്തിനു ശേഷം വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് ഇത്രയും അപകടകരമായ സ്ഥലങ്ങളിലൂടെയായിരുന്നു തങ്ങള്‍ വള്ളം ഓടിച്ചതെന്ന് മനസ്സിലായത്. പല കെട്ടിടങ്ങളുടെയും ഭിത്തികള്‍ തകര്‍ന്നിരുന്നു. ആളുകള്‍ ടെറസിന്‍മേല്‍ സുരക്ഷിതരാണെന്ന് കരുതിയിരുന്നുവെങ്കിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ പലയിടങ്ങളിലും അവ അപകടാവസ്ഥയിലായിരുന്നുവെന്ന് അപ്പോഴാണ് ബോധ്യമായതെന്നും അവര്‍ പറഞ്ഞു.

അതേസമയം, ദുരന്തത്തിനിടയിലും മനസ്സിനെ വേദനിപ്പിച്ച ചില അനുഭവങ്ങളും തങ്ങള്‍ക്കുണ്ടായതായി മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. വി.ഐ.പി ഏരിയകളിലെ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിയ ചിലര്‍ വള്ളത്തില്‍ കയറാന്‍ ഒരുക്കമായിരുന്നില്ല. ഹെലികോപ്റ്റര്‍ വന്നാലേ പോകൂ എന്നായിരുന്നു ചിലരുടെ നിലപാട്.

ചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിനു പോയ ആയിക്കരയിലെ മൽസ്യ തൊഴിലാളികൾ.

പകല്‍ സമയങ്ങളില്‍ ആളുകളെ രക്ഷപ്പെടുത്തലും രാത്രി ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഭക്ഷണമെത്തിക്കുകയുമായിരുന്നു ഇവരുടെ ജോലി. ഞായറാഴ്ചയോടെ ചാലക്കുടിയില്‍ വെള്ളം ഏറെക്കുറെ ഇറങ്ങിക്കഴിഞ്ഞിരുന്നതിനാല്‍ പിന്നെ തങ്ങളുടെ സേവനം ആവശ്യമുണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും തൃശൂരില്‍ ലഭിച്ചതായും സംഘം പറഞ്ഞു.

ഇത്തരം ദുരന്തങ്ങള്‍ ഇനിയും ഉണ്ടാവരുതേ എന്നാണ് ഞങ്ങളുടെ പ്രാര്‍ഥന. എന്നാല്‍ എവിടെ വേണമെങ്കിലും രക്ഷാ പ്രവര്‍ത്തനത്തിനായി പോവാന്‍ എപ്പോഴും റെഡിയാണെന്നും ഇവര്‍ പറയുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രളയബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സമാഹരിച്ചതായും പരമ്പരാഗത ചെറുതോണി മല്‍സ്യത്തൊഴിലാളി സംരക്ഷണ സമിതി സെക്രട്ടരി കൂടിയായ ബിജോയ് പറഞ്ഞു. വി പി പ്രജിത്ത്, ടി ഉഷാജി, സി പി നജീബ്, സി മദനന്‍, എന്‍ സലീം, കെ കെ മജീദ്, എം ദിനേശന്‍ എന്നിവരും ആയിക്കര സംഘത്തിലുണ്ടായിരുന്നു.

ജില്ലയില്‍ നിന്ന് ആയിക്കര കൂടാതെ മുഴപ്പിലങ്ങാട്, അഴീക്കല്‍, ന്യൂമാഹി, തലായി, ഗോപാല്‍പേട്ട എന്നിവിടങ്ങളില്‍ നിന്നായി 118 മല്‍സ്യത്തൊഴിലാളികളാണ് ഫിഷറീസ് വകുപ്പിന്റെയും തീരദേശ പോലിസിന്റെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.