കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയം കാരണം പുതിയൊരു കേരളം തന്നെ സൃഷ്ടിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പു മന്ത്രി ഇ പി ജയരാജന്‍. ഇതിനായി എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ ക്യാന്‍സര്‍-വൃക്ക രോഗികള്‍ക്കുള്ള ഓണം-ബക്രീദ് കിറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തിനു ശേഷമുള്ള ഇപ്പോഴത്തെ അവസ്ഥയില്‍ മാരക രോഗങ്ങള്‍ പടരാനുള്ള സാദ്ധ്യതകള്‍ ഏറെയാണെന്നും മന്ത്രി  അറിയിച്ചു.
പുതുവസ്ത്രവും ധാന്യങ്ങളും ക്യാന്‍സര്‍ മരുന്നും ഉള്‍കൊള്ളിച്ചുള്ള കിറ്റ് ആണ് രോഗികള്‍ക്ക് വിതരണം ചെയ്തത്. 1200-ല്‍ അധികം ക്യാന്‍സര്‍ രോഗികളാണ് മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലുള്ളതെന്നും കൂടാതെ നിരവധി വൃക്ക രോഗികളും ഡയാലിസിസ് ചെയ്യുന്നവരും ഇവിടെയുണ്ടെന്നും മന്ത്രി പറഞ്ഞു.
മട്ടന്നൂര്‍ നഗരസഭയിലെ രോഗികള്‍ കിറ്റുകള്‍ നേരിട്ട് കൈപ്പറ്റി. ബാക്കിയുള്ളവര്‍ക്കുള്ള കിറ്റുകള്‍ അതാത് പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഏറ്റുവാങ്ങിയത്. ബെംഗളൂരുവിലെ സമി ലാബ്‌സ് ആണ് ക്യാന്‍സര്‍ രോഗികള്‍ക്ക് രണ്ടു കുപ്പി മരുന്ന് വീതം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണവും സമി ലാബ്‌സ് ഗ്രൂപ്പ്  ചെയര്‍മാന്‍ ഡോ. മുഹമ്മദ് മജീദ് മന്ത്രിയ്ക്ക് കൈമാറി. വേറേയും നിരവധി വ്യക്തികളും സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി. മൂന്നര കോടിയിലേറെ രൂപയാണ് പരിപാടിയില്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.
തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി,പി കെ ശ്രീമതി ടീച്ചര്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്,  മട്ടന്നൂര്‍ നഗരസഭ അധ്യക്ഷ അനിത വേണു, ഉപാധ്യക്ഷന്‍ പി പുരുഷോത്തമന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.