ചാലക്കുടി താലൂക്ക് ആശുപത്രി പഴയ പ്രൗഢിയോടെ പുന:സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രളയബാധയില്‍ നശിച്ച ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രികളില്‍ ഒന്നാണ് ചാലക്കുടിയിലേത്. പ്രളയത്തില്‍ നശിച്ച ആശുപത്രിയുടെ പുനര്‍:നിര്‍മാണത്തിനുള്ള എല്ലാ സഹായങ്ങളും ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകും. ആശുപത്രിയില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് നല്‍കാന്‍ ആശുപത്രി സൂപ്രണ്ടിനോടും ജില്ലാ ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയുടെ പുനര്‍നിര്‍മാണത്തിനായി ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കം നല്‍കാമെന്ന് പല സ്വകാര്യ ആശുപത്രികളും വാഗ്ദാനം നല്‍കിയിട്ടുണ്ട്. എത്രയും പെട്ടന്നുതന്നെ ആശുപത്രിയുടെ പ്രവര്‍ത്തനം പഴയനിലയിലാക്കാനാണ് ശ്രമമെന്നും ഇതിനായി എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്ന എന്‍.സി.സി. കേഡറ്റുകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ പേരെയും അഭിനന്ദിച്ച മന്ത്രി ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും ഭക്ഷണം ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കി. ആശുപത്രിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ബി.ഡി.ദേവസി എം.എല്‍.എ., ചാലക്കുടി നഗരസഭാ ചെയര്‍ പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, ഡി.എം.ഒ. ഡോ: ബിന്ദുതോമസ്, ഡി.പി.എം. ഡോ: ടി.വി. സതീശന്‍, ആശുപത്രി സൂപ്രണ്ട് ശിവദാസ് എം.ജി. തുടങ്ങിയവരും പങ്കെടുത്തു.