ചാലക്കുടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മേഖലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും ചാലക്കുടി താലൂക്ക് ആശുപത്രിയിലും സന്ദര്‍ശനം നടത്തുകയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ക്യാമ്പുകളെക്കുറിച്ചും അന്തേവാസികള്‍ക്ക് എര്‍പ്പെടുത്തിയിട്ടുള്ള മെഡിക്കല്‍ സൗകര്യങ്ങളെക്കുറിച്ചും ഭക്ഷണ ലഭ്യതയെക്കുറിച്ചും മന്ത്രി ആരാഞ്ഞു. ക്യാമ്പുകളില്‍ താമസിച്ചാല്‍ മാത്രമേ ദുരിതാശ്വാസ സഹായം കിട്ടുകയുള്ളൂ എന്ന വ്യാജപ്രചരണം തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. അര്‍ഹിക്കുന്ന എല്ലാവര്‍ക്കും സഹായം ലഭ്യമാക്കും. പുറമ്പോക്കില്‍ ഉള്ളവര്‍ക്ക് വീടു നല്‍കും. പ്രളയദുരിതത്തിന് ഇരയായ എല്ലാവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഭക്ഷണം ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു. മഴക്കെടുതിയുടെ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തുടര്‍ന്ന് മന്ത്രി ചാലക്കുടി താലൂക്ക് ആശുപത്രിയും ചാലക്കുടി സെന്‍്റ് മേരീസ് പള്ളി, വി.ആര്‍.പുരം ജി.എച്ച്. എസ്.എസ്. സ്കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. ബി.ഡി. ദേവസി എം.എല്‍.എ, ചാലക്കുടി നഗരസഭാ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, ഡി.എം.ഒ. ഡോ: ബിന്ദുതോമസ്, ഡി.പി.എം. ഡോ. ടി.വി. സതീശന്‍ തുടങ്ങിയവരും പങ്കെടുത്തു.