മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 30 ദിവസത്തേക്ക് അടിയന്തിരമായി മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മൈക്രോപ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജില്ലാകളക്ടറുടെ ചേംബറില്‍ ജില്ലയിലെ ആരോഗ്യവിഭാഗം പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാതലത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിച്ച് ക്യാംപുകളിലെ ആരോഗ്യ സാഹചര്യം വിലയിരുത്തും. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൈനംദിന റിപ്പോര്‍ട്ടുകള്‍ നല്‍കണം. ക്യാംപുകളില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി മെച്ചപ്പെട്ട ചികിത്സാ സൗകര്യം നല്‍കണം. പ്രളയബാധിത പഞ്ചായത്തുകളില്‍ നിലവിലെ ഒ.പി.യ്ക്കൊപ്പം പ്രത്യേക ഒ.പി. കൂടി പ്രവര്‍ത്തിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ക്യാംപുകളുടെ ശുചിത്വം പരിപാലിക്കണം. ഓരോ ക്യാംപിലും എന്‍.എച്ച്.എം പിആര്‍ഒ യെ ചുമതലപ്പെടുത്തണം. മരുന്നിന്‍റെ കുറവ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ പകര്‍ച്ചാവ്യാധികള്‍ തടയാനുള്ള ലഘുലേഖകള്‍ ജില്ലകള്‍ തോറും വിതരണം ചെയ്യും. ക്ലോറിന്‍ ഒരു സ്ഥലത്ത് തന്നെ കൂട്ടിയിടരുത്. അതിന്‍റെ അഭാവം അറിയിക്കണം. ഇന്‍സുലിന്‍, ടിടി എന്നിവ വേണ്ടവര്‍ക്ക് ലഭ്യമാക്കണം. താലൂക്ക് ആശുപത്രികളില്‍ ആന്‍റിവെനം ഉറപ്പാക്കണം. ആരോഗ്യപ്രവര്‍ത്തനങ്ങളുടെ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കണം. മഴക്കെടുതി മൂലം നശിച്ച മെഡിക്കല്‍ സ്റ്റോറുകളിലെ മരുന്നുകള്‍ ബാരലുകളില്‍ സൂക്ഷിച്ച് കമ്പനികള്‍ക്ക് തിരിച്ചു നല്‍കുകയോ സ്റ്റേറ്റ് സെന്‍ട്രല്‍ സെല്ലിനെ അറിയിക്കുകയോ ചെയ്യണം. ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്തു തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തണം. പ്രളയക്കെടുതിമൂലം തുറക്കാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം മറ്റിടങ്ങളിലേക്ക് ഉപയോഗിക്കുമെന്നും ക്യാംപുകളിലെ അംഗങ്ങള്‍ക്ക് മാനസികാരോഗ്യത്തിനായുള്ള പ്രത്യേക പരിശീലനം നല്‍കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ടി.വി. അനുപമ, എ.ഡി.എം. സി.ലതിക, ഡി.എം.ഒ ഡോ. ബിന്ദു തോമസ്, ഡോ.ടി.വി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ആരോഗ്യ വിഭാഗം കണ്‍ട്രോള്‍ റൂം: 0487-2333242.