ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ മലയോരമേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പഴശ്ശി കുടിവെള്ള പദ്ധതിയിലെ ജലവിതരണം മുടങ്ങിയപ്പോള്‍ രക്ഷയായത് നാവിക സേനയുടെ സാഹസിക ദൗത്യം. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ വളപട്ടണം പുഴയിലേക്കൊഴുകിയെത്തിയ കല്ലും മണ്ണും മരങ്ങളും കാരണം പഴശ്ശി ഡാമിലേക്കുള്ള ചേംബര്‍ അടഞ്ഞുപോയതായിരുന്നു പ്രശ്നം. പയ്യന്നൂര്‍, തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലും 11 പഞ്ചായത്തുകളിലും മൂന്നുദിവസം ഇതുകാരണം കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയുണ്ടായി.
പഴശ്ശി അണക്കെട്ടിന് ഏകദേശം 400 മീറ്റര്‍ മുകളിലായി വളപട്ടണം പുഴയുടെ അടിത്തട്ടില്‍ സ്ഥാപിച്ച മൂന്നുമീറ്റര്‍ ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ചേംബര്‍ വഴിയാണ് പഴശ്ശി പദ്ധതിയുടെ പമ്പ് ഹൗസിലേക്ക് വെള്ളം ലഭ്യമാക്കുന്നത്. തുടക്കത്തില്‍ ചെറിയ തോതിലുണ്ടായ തടസ്സം ശനിയാഴ്ചയോടെ പൂര്‍ണമാവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പമ്പിംഗ് നിര്‍ത്തിവയ്ക്കേണ്ടി വന്നത്. ഇക്കാര്യം ജലവകുപ്പ് അധികൃതര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് നാവിക സേനയുടെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഇതുപ്രകാരം നാവികസേനയുടെ വിദഗ്ധ സംഘം സര്‍വസജ്ജരായി കൊച്ചി ഐ.എന്‍.എസ് ഗരുഡയില്‍ നിന്ന് ഐഎന്‍ ഡോണിയര്‍ വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങി. വൈകുന്നേരത്തോടെ ലഫ്റ്റനന്റ് കമാന്റര്‍ രാജീവ് ലോച്ചന്റെ നേതൃത്വത്തിലുള്ള 12 അംഗ ദൗത്യസംഘം പഴശ്ശി പദ്ധതി പ്രദേശത്തെത്തി. ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്നു കല്ലും മണ്ണും മരങ്ങളുമായി കുതിച്ചൊഴുകുന്ന പുഴയില്‍ അപ്പോള്‍ ആറു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. കലങ്ങിയ വെള്ളത്തില്‍ പുഴയുടെ അടിത്തട്ടിലുള്ള ചേംബറിലെ തടസ്സങ്ങള്‍ നീക്കുകയയെന്നത് അത്യന്തം ദുഷ്‌ക്കരവുമായിരുന്നു.
അതിസാഹസികമായാണ് മുങ്ങല്‍ വിദഗ്ധരുള്‍പ്പെടുന്ന മറൈന്‍ കമാന്റോകള്‍ ദൗത്യത്തിനായി ഇറങ്ങിത്തിരിച്ചത്. ഏഴിമല നാവിക അക്കാദമിയില്‍ നിന്നും കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്റില്‍ നിന്നുമുള്ള രണ്ട് ഡൈവിംഗ് ഓഫീസര്‍മാര്‍, എട്ട് മുങ്ങല്‍ വിദഗ്ധര്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു മെഡിക്കല്‍ അസിസ്റ്റന്റ് എന്നിവരടങ്ങിയതായിരുന്നു പ്രത്യേക സംഘം. വെള്ളം കലങ്ങിയതിനാനും മണ്ണ് മൂടിക്കിടക്കുന്നതിനാലും ചേംബറിന്റെ ശരിയായ സ്ഥാനം കണ്ടെത്താന്‍ തന്നെ ഏറെ കഷ്ടപ്പെട്ടതായി സംഘത്തലവന്‍ ലഫ്റ്റനന്റ് കമാന്റര്‍ രാജീവ് ലോച്ചന്‍ പറഞ്ഞു. ചെളിയും കല്ലും നിറഞ്ഞ് പൂര്‍ണമായി മൂടിയ നിലയിലായിരുന്നു ഇന്‍ലെറ്റ് ചേംബറിന്റെ മുഖം. ഭാഗികമായി തടസ്സങ്ങള്‍ നീക്കി പമ്പിംഗ് പുനരാരംഭിക്കാന്‍ പാകത്തിലാക്കാന്‍ രണ്ട് ദിവസത്തിലേറെ കഷ്ടപ്പെടേണ്ടിവന്നു. ചേംബര്‍ മുഖത്ത് വിലങ്ങനെ കിടന്ന കൂറ്റന്‍ മരമാണ് ഓപ്പറേഷന്‍ പൂര്‍ണ വിജയത്തിലെത്തിക്കാന്‍ വിലങ്ങുതടിയായത്.
ആഴവും കാഴ്ചാ തടസ്സവും നേവിയുടെ മുമ്പില്‍ പ്രശ്നമായില്ലെങ്കിലും ശക്തമായ കുത്തൊഴുക്ക് വിഘാതം സൃഷ്ടിക്കുകയായിരുന്നു. താല്‍ക്കാലികമായി അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി ഒഴുക്കിന്റെ ശക്തി കുറയ്ക്കാനായാല്‍ മരം നീക്കാമെന്നായിരുന്നു നാവിക സേനയുടെ കണക്കുകൂട്ടല്‍. പക്ഷെ ശക്തമായ മഴ തുടരുന്ന സമയത്ത് ഷട്ടര്‍ അടക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാല്‍ തല്‍ക്കാലം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് അണക്കെട്ടിന്റെ ചുമതലയുള്ള ജലവകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ സുദീപ് പറഞ്ഞു. മഴകുറയുന്നതോടെ ജലനിരപ്പ് താഴ്ന്നാല്‍ മരം നീക്കം ചെയ്യാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഏതായാലും ജില്ലയിലെ ആയിരക്കണക്കിന് ആളുകള്‍ക്കുള്ള കുടിവെള്ള വിതരണം പുനരാരംഭിക്കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് നാവികസേനാ സംഘം മടങ്ങിയത്.