ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന യാതൊരു കുറവും വരുത്തില്ലെന്നും എന്ത് ആവശ്യമുണ്ടെങ്കിലും അതെല്ലാം നല്‍കുമെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പെരിങ്ങാവ് കമ്മ്യൂണിറ്റി ഹാള്‍ ദുരിതാശ്വാസ ക്യാമ്പും പാണ്ടിക്കാവ് അംബേദ്ക്കര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍ ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ച മന്ത്രി ക്യാമ്പുകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ ദിവസവും ക്യാമ്പുകളില്‍ ആരോഗ്യപരിശോധന ഉറപ്പുവരുത്തണം. ക്യാമ്പുകളിലെ അന്തേവാസികളുമായി സംസാരിച്ച മന്ത്രി അവരുടെ ആശങ്കകളും പരാതികളും കേള്‍ക്കുകയും ദുരിതബാധിതരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് സ്കൂളില്‍ പോകുന്നതിനുള്ള സൗകര്യം ഒരുക്കും. നഷ്ടമായ പുസ്തകങ്ങളുടെ കണക്കുകള്‍ സ്കൂളുകളില്‍ നല്‍കിയാല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യം സര്‍ക്കാര്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. ആധാരം ഉള്‍പ്പടെ നഷ്ടമായ രേഖകള്‍ തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോലിയുള്ളവര്‍ക്ക് ക്യാമ്പുകളില്‍നിന്ന് ജോലിക്ക് പോകാനുള്ള സൗകര്യമുണ്ടെന്നും പൂര്‍ണമായും വീടുനഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മിക്കുന്നതുവരെ താമസിക്കാന്‍ സ്ഥിരം ക്യാമ്പുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പെരിങ്ങാവ് കമ്മ്യൂണിറ്റി ഹാളില്‍ 12 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 11 കുടുംബങ്ങളുടെ വീട് പൂര്‍ണമായും തകര്‍ന്നതിനാല്‍ ഈ ക്യാമ്പ് സ്ഥിരം ക്യാമ്പാക്കിമാറ്റുമെന്നും മന്ത്രി പറഞ്ഞു. പാണ്ടിക്കാവ് അംബേദ്ക്കര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ 7 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ നാലുകുടുംബങ്ങളുടെ വീട് പൂര്‍ണമായും തകര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം സന്നിഹിതരായി.