പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാന്‍ ആഗസ്റ്റ് 30ന്, ക്ലീന്‍ വയനാട് കാമ്പയിന്റെ ഭാഗമായി ക്ലീന്‍ പൊഴുതന എന്ന പേരില്‍ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ഡ്തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍, യുവജന സംഘടന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം വളണ്ടിയര്‍മാരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. പ്രളയബാധിതമായ വീടുകള്‍, പൊതുസ്ഥലങ്ങള്‍, പൊതുകെട്ടിടങ്ങള്‍ തുടങ്ങിയവ ശുചീകരിക്കുകയാണ് ലക്ഷ്യം. ശുചീകരണ യജ്ഞത്തില്‍ എല്ലാ മേഖലകളിലെയും ജനങ്ങള്‍ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.