എടവക: ജില്ലയില്‍ പ്രളയാനന്തരമുണ്ടായ ജൈവ – അജൈവ മാലിന്യങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ ശേഖരിച്ച് സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 30ന് എടവക ഗ്രാമപഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുക്കും. ഗ്രാമപഞ്ചായത്തിലെ കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വാര്‍ഡ് തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, സന്നദ്ധ പ്രവര്‍ത്തകര്‍, വിവധ രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങള്‍, വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ്, സ്റ്റുഡന്‍ഡ് പൊലിസ് കേഡറ്റ്, കുടുംബശ്രീ, അയല്‍ക്കൂട്ടം, ആശാവര്‍ക്കര്‍മാര്‍, സാക്ഷരത പ്രേരക്, അംഗന്‍വാടി വര്‍ക്കര്‍, ഹൈല്‍പ്പര്‍ ഉള്‍പ്പെടെയുള്ള വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. പ്രളയബാധിത വീടുകള്‍, പൊതുസ്ഥലങ്ങള്‍, പൊതുകെട്ടിടങ്ങള്‍, അംഗന്‍വാടികള്‍, സ്‌കൂളുകള്‍, ഓഫിസുകള്‍ തുടങ്ങിയവ ശുചീകരിക്കും. ശുചീകരണ യജ്ഞത്തില്‍ എല്ലാ മേഖലകളിലേയും ജനങ്ങള്‍ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. ജില്ലാ തലത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് തദ്ദേശ സ്ഥാപന തലത്തിലും പങ്കാളിത്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്തത്.