ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും, സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിലാണ് വീടുകളും, സ്ഥാപനങ്ങളും ശുചീകരിക്കുന്നത്. ചെങ്ങന്നൂരിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
പാണ്ടനാട്, തിരുവൻവണ്ടൂർ, ഇടനാട്, പുത്തൻകാവ് മംഗലം, ഓതറ തുടങ്ങീ പമ്പയാറിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ ശുചീകരണ പ്രർത്തനങ്ങൾക്ക് കാലതാമസമുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന സ്‌കൂളുകൾ അഞ്ചു ദിവസമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു. എൻ.സി.സി , എൻ.എസ.്എസ് യൂണിറ്റുകൾ, എസ.്പി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് , പരിസ്ഥിതിയൂണിറ്റുകൾ എന്നിവരുടെ സേവനവും ശുചീകരണപ്രവർത്തനങ്ങൾക്കുണ്ട്. താലൂക്കിൽ സെപ്റ്റംബർ 1, 2 തീയതികളിൽ ശുചീകരണ യജ്ഞം നടത്താനാണ് തീരുമാനം. വാസയോഗ്യമല്ലാത്ത വീടുകൾ ഉള്ളവർക്ക് വില്ലേജ് അടിസ്ഥാനത്തിൽ വാടകയ്ക്ക് വീട് എടുത്തു നൽകുവാനും ഉന്നത തല യോഗം തീരുമാനിച്ചു. ഇതിനായി വാസ യോഗ്യമല്ലാത്ത വീടുകളുടെ ലിസ്റ്റ് ഈ മാസം 29ന് മുമ്പ് താലൂക്ക് ഓഫീസിൽ സമർപ്പിക്കണം. വില്ലേജ് ഓഫീസർമാർക്കാണ് ചുമതല നൽകിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ നഷ്ടം വിലയിരുത്താൻ വാർഡ്‌മെമ്പർ, സർക്കാർ ഉദ്യോഗസ്ഥർ , കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർ എന്നിവരടങ്ങുന്ന അഞ്ചംഗ സമിതി വാർഡ് അടിസ്ഥാനത്തിൽ രൂപീകരിക്കും. . ഇവർ വീടുകളിലെത്തി നഷ്ടം വിലയിരുത്തും.

അപ്പർ കുട്ടനാടും തീവ്ര ശുചീകരണത്തിൽ

പള്ളിപ്പാട് , ചെറുതന , ഹരിപ്പാട് , കുമാരപുരം , തൃക്കുന്നപ്പുഴ, കരുവാറ്റ,വീയപുരം, എന്നീ പഞ്ചായത്തുകളിലാണ് അപ്പർകുട്ടനാട്ടിൽ ശുചീകരണം നടക്കുന്നത്. ജില്ലയ്ക്കു പുറത്തു നിന്ന് ശുചീകരണത്തിനായി എത്തിയിരിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ താമസം അതാത് പഞ്ചായത്തുകളിലാണ് ഒരുക്കിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ സ്്കൂളുകൾ, പൊതുസ്ഥലങ്ങൾ, ജന സേവന കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളാണ് ആദ്യ ഘട്ടത്തിൽ ശുചിയാക്കുക. ഇവർക്കുള്ള ഭക്ഷണ വസ്തുക്കൾ കാർത്തികപ്പള്ളി താലൂക് അധികാരികളിൽ നിന്നും അതാത് വില്ലജ് ഓഫീസർമാർക് കൈമാറി. 29ന് കാർത്തികപ്പള്ളി താലൂക്കിന് കീഴിലുള്ള പ്രദേശങ്ങളിലെ ശുചീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കാർത്തികപ്പള്ളി താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ ശരത് കുമാർ പറഞ്ഞു .