നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന കനോലി കനാലിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും വേങ്ങേരി നിറവിന്റെ സഹകരണത്തോടെ നടത്തുന്ന ഓപ്പറേഷന്‍ കനോലി കനാല്‍ ശൂചീകരണ യജ്ഞത്തിന് തുടക്കമായി.   സരോവരം ബയോപാര്‍ക്കിന് മുന്നില്‍ കനോലി കനാല്‍ ശുചീകരിച്ച് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ യു.വി ജോസ് എന്നിവര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരായ പ്രൊഫ. ടി.ശോഭീന്ദ്രന്‍, പ്രൊഫ.കെ.ശ്രീധരന്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍ എസ് ഗോപകുമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, ആസ്റ്റര്‍ മിംമ്‌സ് ഭാരവാഹികള്‍ നിറവ് വേങ്ങേരി കോര്‍ഡിനേറ്റര്‍ ബാബു  നഗരസഭ കൗണ്‍സിലര്‍മാര്‍ ,പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 30 ദിവസം ദിവസം നീളുന്ന കര്‍മ്മ പരിപാടിയാണിത്.  10 ദിവസത്തിനകം പ്ലാസ്റ്റിക് മാലിന്യ ശൂചീകരണം പൂര്‍ത്തീകരിക്കും പൊതുജനപങ്കാളിത്തോടെയാണ് കനാല്‍ ശുചീകരിക്കുന്നത്. കനാല്‍ ആഴം കുറഞ്ഞതിനാല്‍് മഴക്കാലത്തുണ്ടാക്കുന്ന അധികജലം ഉള്‍ക്കൊളളാനാകാത്തെ വെളളപ്പൊക്കമുണ്ടാവുന്നു. കനാലില്‍ 178 സ്ഥലങ്ങളില്‍ മലിനജലം കുഴലുകള്‍ സ്ഥാപിച്ചതായും 30 പ്രധാന ഓവുചാലുകള്‍ കനാലുമായി ബന്ധിപ്പിച്ചിട്ടുളളതായും  കണ്ടെത്തിയിട്ടുണ്ട്. 11.2 കിലോമീറ്റര്‍ നീളമുളള കനാലി കനാല്‍ ദേശീയ ജലപാതയുടെ പ്രധാനഭാഗമാണ്. കനാല്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് മേയറും കളക്ടറും അറിയിച്ചു.  കനാല്‍ ശുചീകരിച്ച ശേഷം വിവിധ പ്രദേശങ്ങളില്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. കനാലിന്റെ ഇരുകരകളിലുമുള്ള റെസിഡന്‍ഷ്യല്‍ അസ്സോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുക.
കനാല്‍ ആഴംകൂട്ടി സൗന്ദര്യവല്‍ക്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കും. 14 മീറ്റര്‍ വീതിയില്‍ കനാല്‍ നവീകരിക്കാനാണ് ലക്ഷ്യം. ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുന്നതോടെ കനാലിന്റെ പ്രതാപം വീണ്ടെടുക്കാനാവുമെന്ന് മേയര്‍ പറഞ്ഞു. എരഞ്ഞിക്കല്‍ മുതല്‍ കല്ലായ്  വരെയുള്ള ഓരോ പ്രദേശത്തും കൗണ്‍സിലര്‍മാര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കും. കനാലില്‍ അടിഞ്ഞു കൂടുന്ന മാലിന്യം നീക്കി ഒഴുക്ക് നേരെയാക്കുകയാണ് ആദ്യഘട്ടം.  കോര്‍പ്പറേഷനില്‍ മാലിന്യനിക്ഷേപ സംവിധാനം ശക്തമാക്കുന്നതിനും തീരുമാനിച്ചതായി മേയര്‍ പറഞ്ഞു. കല്ലായി പുഴയില്‍ ചെളി നീക്കി കനാലിന്റെ അഴിമുഖം തുറക്കാനാണ് പദ്ധതി. കനാലിന്റെ ആഴം കുറഞ്ഞതാണ് നഗരത്തില്‍ വെളളപ്പൊക്കത്തിന് കാരണമാകുന്നതെന്ന് മേയര്‍ പറഞ്ഞു.