പ്രളയക്കെടുതിക്ക് ശേഷം പകര്‍ച്ചവ്യാധി സാധ്യത മുന്നില്‍കണ്ട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേയും ക്ലിനിക്കുകളിലേയും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പി.ആര്‍.ഒമാര്‍ എന്നിവരുടെ യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പകര്‍ച്ച വ്യാധി പ്രതിരോധം, ചികിത്സ, രോഗസാധ്യത കണ്ടെത്തല്‍ എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളുമായുള്ള ഏകോപനവും സഹകരണവും ലക്ഷ്യമിട്ടാണ് യോഗം സംഘടിപ്പിച്ചിത്. ഡയേറിയ, മലേറിയ, എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ജില്ലാ ആരോഗ്യവകുപ്പ് തയ്യാറാക്കിയ പ്രത്യേക ആപ്ലിക്കേഷന്‍ യോഗത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കി. രണ്ട് മാസത്തോളം ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഭാഗമായി പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.എല്‍ ഷീജ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡബ്ലു എച്ച് ഒ പ്രതിനിധി ഡോ.രാഗേഷ് ക്ലാസുകള്‍ നയിച്ചു. ഡെപ്യട്ടി ഡി.എം.ഒമാരായ ഡോ.റ്റി.അനിതകുമാരി, ഡോ.നന്ദിനി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ ഐ.എം.എ പ്രതിനിധി ഡോ.വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.