* 1200 ഓളം കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു 

 *1115 പേരെ പരിശോധിച്ചു

 

കണ്ണൂര്‍: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരുടെ ആരോഗ്യസംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടത്തിയത് 36 മെഡിക്കല്‍ ക്യാമ്പുകള്‍. 1115 പേര്‍ ക്യാമ്പുകളില്‍ പരിശോധനയ്ക്ക് വിധേയരായി. മുന്‍കരുതലായി 136 പേര്‍ക്ക് എലിപ്പനിക്കെതിരായ പ്രതിരോധ മരുന്നും നല്‍കി. ക്യാമ്പുകളിലെ വൃത്തി, ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരം എന്നിവ കൃത്യമായി പരിശോധിക്കാന്‍ ഓരോ ക്യാമ്പിലും ആരോഗ്യ വകുപ്പ് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.

മഴക്കെടുതിയുടെ ആരംഭത്തില്‍ തന്നെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതലത്തിലുള്ള കണ്‍ട്രോള്‍ റൂം ആരോഗ്യ വകുപ്പ് തുറന്നിരുന്നു. എല്ലാ പ്രധാന ആശുപത്രികളിലും മെഡിക്കല്‍ ടീമിനെയും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും തയ്യാറാക്കി. പരിയാരം മെഡിക്കല്‍ കോളേജും വിവിധ സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിക്കുകയും ചെയ്തു. സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹായത്തോടെ സഞ്ചരിക്കുന്ന മെഡിക്കല്‍ ടീമിനെയും നിയോഗിച്ചിരുന്നു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസികമായി കരുത്ത് പകരാനായി കൗണ്‍സലിങ്ങും ആരോഗ്യ വകുപ്പ് നടത്തിയിരുന്നു. ദുരിത ബാധിതരെ നാല് വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു കൗണ്‍സലിങ്ങ്. കുട്ടികള്‍, പ്രായമായവര്‍, സ്ത്രീകള്‍, ദുരിതം കൂടുതലായി ബാധിച്ചവര്‍ എന്നിവര്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍ എച്ച് എം) 12 കൗണ്‍സിലര്‍മാരാണ് പ്രത്യേക സംഘങ്ങളായി കൗണ്‍സലിങ്ങ് നടത്തിയത്. ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രത്യേക ക്ലാസ്സുകളും ആരോഗ്യ വകുപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന നോട്ടീസും ക്യാമ്പുകളില്‍ വിതരണം ചെയ്തിരുന്നു.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച ഇരിട്ടിയിലെ ക്യാമ്പുകള്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി പി രവീന്ദ്രനാണ് ഏകോപിപ്പിച്ചത്. ജില്ലാതല ഏകോപനം ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ് നിര്‍വഹിച്ചു.

ക്യാമ്പുകള്‍ അവസാനിച്ച ശേഷവും ആരോഗ്യ വകുപ്പ് സേവനങ്ങള്‍ തുടരുകയാണ്. മലിനമായ കിണറുകളിലെ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ക്ലോറിനേഷനാണ് പ്രധാനമായും ചെയ്യുന്നത്. ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ഫീല്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ ഇതുവരെ 1200 ഓളം കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു.

ആയുര്‍വേദ വകുപ്പും ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തി. പകര്‍ച്ച വ്യാധികള്‍ക്കെതിരെ മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമാണ് വകുപ്പ് പ്രധാനമായും നടത്തിയത്. ഇതുവരെ 31 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആയുര്‍വേദ ഡിഎംഒ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവരുടെ വീടുകളിലെത്തി കൗണ്‍സിലിങ്ങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ആയുര്‍വേദ വകുപ്പ് നല്‍കുന്നുണ്ട്.