എടവക ഗ്രാമപ്പഞ്ചായത്തില്‍ മിഷന്‍ ക്ലീന്‍ വയനാട് പദ്ധതിയുടെ ഭാഗമായി നടന്ന ഏകദിന ശുചീകരണ യജ്ഞത്തില്‍ 2,548 പേര്‍ പങ്കെടുത്തു. പ്രളയാനന്തരം അടിഞ്ഞു കൂടിയ ജൈവ – അജൈവ മാലിന്യങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ ശേഖരിച്ച് സംസ്‌കരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വ്യാഴാഴ്ച ജില്ലതലത്തില്‍ ഏകദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. എടവക ഗ്രാമപഞ്ചയത്തിലെ 19 വാര്‍ഡുകളിലും രാവിലെ തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. എടവക പി.എച്ച്.സിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്ന് വളണ്ടിയര്‍മാരെ ബോധവല്‍ക്കരിച്ചു. എലിപ്പനി നേരിടാനുള്ള പ്രതിരോധ ഗുളികകളും വിതരണം ചെയ്തു. രാവിലെ ഒമ്പതോടെ എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദ്വാരകയില്‍ നടന്ന ചടങ്ങ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യാപാരികള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, യുവജന സംഘടന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ആശാവര്‍ക്കര്‍മാര്‍, എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍, വാര്‍ഡ് തല കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍, സാക്ഷരതാ പ്രേരക്മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.