*കിഡ് ഗ്ലവ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
നല്ല ഭക്ഷണത്തിനും നല്ല വസ്ത്രത്തിനും നല്ല വിദ്യാഭ്യാസത്തിനും അവകാശമുള്ളതുപോലെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ് നടപ്പാക്കുന്ന കിഡ് ഗ്ലവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
    സൈബര്‍ ലോകത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ പകച്ചു നില്‍ക്കുന്നവരാണ് സമൂഹത്തിലെ മുതിര്‍ന്നവരില്‍ ഭൂരിഭാഗവും. സൈബര്‍ വിഷയങ്ങളുടെ ബാലപാഠങ്ങള്‍ കുട്ടികളില്‍നിന്നാണ് പല രക്ഷകര്‍ത്താക്കളും പഠിക്കുന്നത്. ഈ ശിഷ്യത്വത്തിന് വലിയ വില നല്‍കേണ്ടി വരുന്ന അവസ്ഥകള്‍ പല രക്ഷകര്‍ത്താക്കള്‍ക്കും നേരിടേണ്ടി വരുന്നു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന പൂര്‍ണ സ്വാതന്ത്ര്യം ദുരുപയോഗങ്ങളിലേക്ക് നീങ്ങുന്നത് രക്ഷകര്‍ത്താക്കള്‍ക്ക് മനസ്സിലാക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    പല വിദ്യാലയങ്ങളിലും ചില കുട്ടികളെങ്കിലും ഗുരുതരമായ സൈബര്‍ കുറ്റ കൃത്യങ്ങള്‍ നടത്തുന്നതായി സര്‍ക്കാരിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിച്ചു വളര്‍ന്ന് രാജ്യത്തിന്റെ വിവിധങ്ങളായ തലങ്ങളില്‍ നേതൃത്വം നല്‍കേണ്ടവരാണ്. അതിനു തടസമുണ്ടാക്കുന്ന വിധത്തില്‍ സൈബര്‍ ദുരുപയോഗത്തിന് കുട്ടികള്‍ അടിമപ്പെടാതിരിക്കാനും ചതിക്കുഴികളില്‍നിന്ന് അവരെ രക്ഷിക്കാനും രക്ഷകര്‍ത്താക്കളും അധ്യാപകരും സൈബര്‍ലോകത്തെക്കുറിച്ച് അറിവുള്ളവരാവണം. രക്ഷകര്‍ത്താക്കളും അധ്യാപകരും ചേര്‍ന്ന് ഓരോ സ്‌കൂളിലും സൈബര്‍ കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുന്നത് നല്ലതായിരിക്കുമെന്നും ആവശ്യമെങ്കില്‍ സൈബര്‍ വിദഗ്ധരുടെ സേവനം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    കേരള പോലീസ് വകുപ്പിന് കീഴിലുള്ള സൈബര്‍ഡോമിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ രൂപപ്പെടുത്തിയ ഡ്രോണ്‍ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു. സ്‌കൂളില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വില്ലേജിന്റെയും ഡിജിറ്റല്‍ ഫോറസ്റ്റിന്റെയും പ്രദര്‍ശനം ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സൈബര്‍ ലോകത്തെ അപകടഘട്ടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന ഇന്ദ്ര ജാല പരിപാടി അവതരിപ്പിച്ചു. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി, പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജസ്സി ജോസഫ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയപ്രകാശന്‍ കെ.പി, ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് വട്ടപറമ്പില്‍, പ്രിന്‍സിപ്പല്‍മാരായ ഫാ.സോണി പാലത്തറ, ഫാ.ബിനോ പട്ടര്‍ക്കളം, ഐ.ജി. മനോജ് എബ്രഹാം, ഡി.ഐ.ജി ഷെഫീന്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു