*പ്രളയപ്രദേശങ്ങളില്‍ മൊബൈല്‍ കണ്‍സര്‍വേഷന്‍ യൂണിറ്റ് പര്യടനം തുടങ്ങി
ചരിത്രരേഖകള്‍ നാടിന്റെ സമ്പത്താണെന്നും അവ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രളയബാധിത വീടുകളിലെയും സ്ഥാപനങ്ങളിലെയും നാശോന്മുഖമായ ചരിത്രരേഖകള്‍ സംരക്ഷിച്ച് തിരിച്ചുനല്‍കുന്നതിന് സംസ്ഥാന പുരാരേഖാ വകുപ്പ് ആവിഷ്‌കരിച്ച മൊബൈല്‍ കണ്‍സര്‍വേഷന്‍ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് പുരാരേഖാ വകുപ്പ് ആസ്ഥാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിപ്രകാരം സംസ്ഥാനത്ത് പ്രളയബാധിത പ്രദേശങ്ങളിലെല്ലാം വാഹനങ്ങള്‍ സഞ്ചരിച്ച് നാശോന്മുഖമായ ചരിത്ര രേഖകള്‍ വീണ്ടെടുത്തു നല്‍കും.
അപൂര്‍വങ്ങളായ ഒട്ടനവധി ചരിത്ര രേഖകള്‍ പല സ്ഥലത്തും വെള്ളത്തില്‍ കുതിര്‍ന്ന് നാശമായിട്ടുണ്ട്. ഇവ കാലതാമസമില്ലാതെ കണ്ടെത്തി സംരക്ഷിച്ച് ഉടമസ്ഥരെ തിരിച്ചേല്‍പിക്കുകയോ അവരുടെ സമ്മതപ്രകാരം പുരാരേഖാ വകുപ്പിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യും. ലൈബ്രറികള്‍, ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലും വീടുകളിലും ഇങ്ങനെ ചരിത്രപ്രാധാന്യമുള്ള രേഖകള്‍ നഷ്ടമായിട്ടുണ്ട്. പൈതൃക രേഖകള്‍ക്കൊരു സുരക്ഷാ കരവലയം എന്ന പേരിലാണ് വാഹനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നത്. വാഹനത്തില്‍ രേഖകള്‍ വൃത്തിയാക്കാനും ഉണക്കാനും ബൈന്റ് ചെയ്യാനും കേടുവരാതെ സംരക്ഷിക്കാനുമുള്ള സജ്ജീകരണങ്ങളുണ്ട്.