64-ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ ഹാളില്‍ നവംബര്‍ 14ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ- ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന് മുന്നോടിയായി രാവിലെ ഒന്‍പതിന് സഹകരണസംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 11.30ന് നടക്കുന്ന സെമിനാറില്‍ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് ‘ജി.എസ്.ടിയും നവകേരള വികസനവും’ വിഷയത്തില്‍ പ്രഭാഷണം നടത്തും. വൈകീട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്തുനിന്ന് മുതലക്കുളം മൈതാനംവരെ വര്‍ണശബളമായ സഹകരണ ഘോഷയാത്ര നടക്കും. അഞ്ചിന് മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഇന്ന് മുതല്‍ നവംബര്‍ 20 വരെ നടക്കുന്ന സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ‘ജനശാക്തീകരണം സഹകരണ സംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ’ എന്നതാണ് വാരാഘോഷത്തിന്റെ മുഖ്യപ്രമേയം. പരിപാടിയുടെ ഭാഗമായി ഏഴ് ദിവസത്തേക്ക് ഏഴ് വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകളും സെമിനാറുകളും എല്ലാ താലൂക്ക് തലങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. സമാപന സമ്മേളനം 20 ന് കോട്ടയത്ത് നടക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
‘ഹരിതകേരളത്തിന് സഹകരണത്തിന്റെ കൈത്താങ്ങ്’ എന്ന സന്ദേശം കൂടി ഉയര്‍ത്തിയാണ് കോഴിക്കോട് ഇന്ന് സംസ്ഥാനതല ആഘോഷത്തിന് ആതിഥ്യം അരുളുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആഘോഷത്തിന്റെ ഭാഗമായി 1000 ജൈവ പച്ചക്കറിത്തോട്ടങ്ങള്‍ ജില്ലയില്‍ ആരംഭിക്കുന്നുണ്ട്. 250 മഴക്കുഴികളും നിര്‍മിക്കും.