വീട് വൃത്തിയാക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി വീട്ടിലേക്ക് കയറി വന്ന അതിഥികളെ കണ്ടതിന്റെ ത്രില്ലിലായിരുന്നു പുല്ലാട് ഒല്ലൂചിറ കോളനി നിവാസികള്‍. കറുത്തമുത്തിലെ ബാലചന്ദ്രന്‍ ഡോക്ടറും, ഭാര്യയിലെ നരേന്ദ്രനും, പരസ്പരത്തിലെ ധനപാലനും തുടങ്ങി ടി.വിയില്‍ കണ്ടിട്ടുള്ള നായകനും വില്ലനുമൊക്കെ ഒന്നിച്ച് വീട്ടില്‍ എത്തിയ സന്തോഷമായിരുന്നു അവര്‍ക്ക്.
ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ മലയാളി ഹീറോസ് എന്ന ക്രിക്കറ്റ് ടീമംഗങ്ങളാണ് കോളനിയിലെത്തിയത്. കിഷോര്‍സത്യ, സാജന്‍ സൂര്യ, ഷോബിതിലകന്‍, രഞ്ജിത്ത് രാജ്, സഞ്ജു, ഡി.വൈ.എസ്.പി രാജ്കുമാര്‍ എന്നിവരടങ്ങിയ സംഘം ആറന്മുള എം.എല്‍.എ വീണാജോര്‍ജിനും കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീലേഖ വിജയകുമാറിനുമൊപ്പമാണ് കോളനി സന്ദര്‍ശിച്ചത്.
വെള്ളപ്പൊക്കകെടുതികള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലൊന്നാണ് പുല്ലാട് ഒല്ലൂച്ചിറ കോളനി. വീടുകള്‍ പൂര്‍ണമായും മുങ്ങിയിരുന്നു. സാധാരണ നിലയിലേക്ക് ഇപ്പോഴും ഇവരുടെ ജീവിതം എത്തി തുടങ്ങിയിട്ടില്ല.  വീട്ടുസാധനങ്ങളുള്‍ ഉള്‍പ്പെടെയെല്ലാം പ്രളയം കവര്‍ന്നെടുത്തു. വെള്ളം കയറിയ വീടുകളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പ്രളയത്തിന് ഇരയായവര്‍ക്ക് കരുത്ത് പകരാനാണ് തങ്ങള്‍ എത്തിയതെന്ന് സീരിയല്‍ താരങ്ങള്‍ പറഞ്ഞു.
സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ടെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താരങ്ങള്‍ എത്തിയത്. എല്ലാവരും നമുക്കൊപ്പമുണ്ടെന്ന തിരിച്ചറിവാണ് ഇപ്പോള്‍ വേണ്ടതെന്നും ഒരുദിവസം കൊണ്ട് എഴുപതോളം ആളുകളെ രക്ഷപ്പെടുത്തിയ മേഖലയാണ് ഇതെന്നും ഇപ്പോഴും ക്യാമ്പില്‍ കഴിയുന്ന ഒല്ലൂച്ചിറ നിവാസികളുണ്ടെന്നും എം.എല്‍.എ പറഞ്ഞു. വേദനകള്‍ക്കിടയിലും ചിരിക്കുന്ന നിങ്ങളെ കണ്ടതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമെന്ന് സാജന്‍സൂര്യ പറയുമ്പോള്‍ നിറഞ്ഞ കൈയ്യടി.  കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും വീട് സന്ദര്‍ശിക്കുകയും ചെയ്ത താരങ്ങള്‍ ഹര്‍ഡില്‍സ് താരമായ അനന്തുവിന് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പും നല്‍കി. പ്രളയ കെടുതിക്കിരയായ ആറന്മുള നിയോജകമണ്ഡലത്തിലെ എഴിക്കാട് കോളനിയും സംഘം സന്ദര്‍ശിച്ചു.