ഉള്ളൂർ എസ്. പരമേശ്വരയ്യർ കാലത്തെ അതിജീവിച്ച കവിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഡോ. സി. ഉണ്ണികൃഷ്ണൻ രചിച്ച മഹാകവി ഉള്ളൂർ പാർശ്വവത്കരിക്കപ്പെട്ട വ്യക്തിത്വം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉള്ളൂരിന്റെ പ്രേമസംഗീതം ഇന്നും ഏറെ പ്രസക്തമായ കവിതയാണ്. മഹാകവിയെ മനസിലാക്കാൻ പുതിയ തലമുറയ്ക്ക് താത്പര്യമുണ്ട്. ഉള്ളൂരിനെക്കുറിച്ച് പുനർപഠനം നടത്തേണ്ട കാലമായി. ഉള്ളൂരിനെ പോലെ പാർശ്വവത്കരിക്കപ്പെട്ട നിരവധി കവികൾ കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.  അധസ്ഥിതർക്കായി വാദിച്ച വ്യക്തിയാണെങ്കിലും അധസ്ഥിതരുടെ പ്രസ്ഥാനങ്ങളും ഉള്ളൂരിനെ വേണ്ടവിധം പരിഗണിച്ചില്ല. വിശാലമായി ലോകത്തെ കാണുന്ന സമൂഹമാണിന്നുള്ളത്. ആ സമൂഹത്തിലേക്കാണ് ഈ പുസ്തകം വരുന്നത്. ജാതിയില്ലാ സമൂഹമാണ് നമുക്ക് ആവശ്യം. ഭൂരിപക്ഷം മലയാളികളും, പ്രത്യേകിച്ച് യുവാക്കൾ ജാതിവാദികളല്ല. കാഴ്ചപ്പാടിലാണ് ഇന്ന് യാഥാസ്ഥിതികതയുള്ളത്. മാനവികതയും സമുദായ സൗഹാർദ്ദവുമാണ് നാടിന് ആവശ്യമെന്ന് മന്ത്രി പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. വി. എൻ. മുരളി പുസ്തകം സ്വീകരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആർ. പവിത്രൻ പുസ്തക പരിചയം നടത്തി. വിനോദ് വൈശാഖി, എം. ഹരികുമാർ, കെ. ആർ. സരിതകുമാരി എന്നിവർ സംസാരിച്ചു.