കന്നി മാസ പൂജയ്ക്ക് ശബരിമല നട 16 ന് തുറക്കും
മഹാപ്രളയം സൃഷ്ടിച്ച കെടുതിയില്‍ നിന്ന് എത്രയും വേഗം കരകയറാനുള്ള തീവ്രശ്രമമാണ് പമ്പയിലുംപരിസരപ്രദേശങ്ങളിലും നടക്കുന്നത്.പ്രളയക്കെടുതികളില്‍ നിന്ന്, ഈ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്‍പേ മോചനം സാദ്ധ്യമാക്കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനമാണ് പമ്പാനവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കാരണം.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നേരിട്ടു തന്നെ പമ്പയിലെ പനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ്. ഇതിനായി ദേവസ്വംബോര്‍ഡിലെ
മരാമത്ത് വിഭാഗം ഉദ്ദ്യോഗസ്ഥരെയും ഒപ്പം കൂട്ടി ,പമ്പയില്‍ തന്നെ ക്യാമ്പ് ചെയ്ത് പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് പ്രസിഡന്റ്.മഹാപ്രളയം വരുത്തിയ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനും മാസപൂജകള്‍ക്കും ശബരിമല അയ്യപ്പക്ഷേത്ര നട തുറക്കുന്നത്.കന്നിമാസപൂജയ്ക്കായി ഈമാസം 16ന് ക്ഷേത്രനട തുറക്കും. തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങളില്‍ മാസപൂജയ്ക്കായി ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ക്ക് അടിയില്‍ അടിഞ്ഞുകൂടിയിരുന്ന മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്തു. ത്രിവേണി പാലം അവസാനിക്കുന്ന സ്ഥലത്ത് നിന്ന്, അയ്യപ്പഭക്തര്‍ക്ക് പമ്പ കടക്കാന്‍  താല്‍ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ താല്‍ക്കാലിക പാതയിലൂടെ സഞ്ചരിച്ച്, ടോയിലറ്റ് കോപ്ലെക്‌സിന്റെ പുറകുവശം വഴിയുള്ള സര്‍വ്വീസ് റോഡിലൂടെ  പമ്പാഗണപതിക്ഷേത്രത്തില്‍ എത്തിച്ചേരാനാകും.
പ്രളയത്തില്‍ വന്നുചേര്‍ന്ന ടണ്‍കണക്കിന് മണ്ണ് ,രാപ്പകല്‍ ഭേദമില്ലാതെ ലോറികളില്‍ മാറ്റുന്ന പ്രക്രിയ അവസാനഘട്ടത്തിലാണ്. ബയോടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുന്ന നടപടി അടുത്തദിവസങ്ങളില്‍ ആരംഭിക്കും. പമ്പയിലും പരിസരപ്രദേശങ്ങളിലും അയ്യപ്പഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുന്നു.പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപം ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും പ്രളയത്തില്‍ ഒഴുകി വന്ന വന്‍മരങ്ങളും പാറക്കല്ലുകളും പമ്പാ മണപ്പുറത്ത് നിന്ന് നീക്കം ചെയ്യുന്ന പ്രവര്‍ത്തികളും ആരംഭിച്ചിട്ടുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ ഭക്തര്‍ക്ക് യഥാര്‍ത്ഥ പാതയിലൂടെ സഞ്ചാരം സുഗമമാകും.സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ടാറ്റാകണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പമ്പയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരവുമുള്ള പുനരുദ്ധാരണ      ജോലികളാണ് ടാറ്റാ കമ്പനി പമ്പയില്‍ നടത്തുന്നത്.അന്തരീക്ഷത്തിലെ ചൂട് കൂടിയത് കാരണം പമ്പയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.പല ഭാഗത്തും പമ്പാനദി വറ്റി വരളുന്നു.പമ്പാനദിയില്‍ ഇറങ്ങികയറാതെ തന്നെ അയ്യപ്പഭക്തര്‍ക്ക് ത്രിവേണി പാലത്തിലൂടെ മറുകര എത്തി നടന്നുപോകാം.ഗതിമാറി ഒഴുകിയ പമ്പാനദിയെ ചാലുതീര്‍ത്ത് കക്കി നദിയുമായി സംഗമിപ്പിച്ചാണ് ദേവസ്വം ബോര്‍ഡ് ഇവിടെ താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്.കന്നിമാസപൂജയ്ക്ക് എത്തുന്ന ഭക്തര്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ് .മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ ഭയപ്പാടും ആശങ്കയും ഇല്ലാതെ തന്നെ ഭക്തര്‍ക്ക് കന്നിമാസപൂജയ്ക്ക് ശബരിമല ക്ഷേത്ര നട തുറക്കുമ്പോള്‍, അയ്യപ്പസന്നിധാനത്ത് എത്താനാകും
.പമ്പയില്‍ അയ്യപ്പഭക്തര്‍ക്ക് സ്‌നാനം നടത്താനും ബലിതര്‍പ്പണം നടത്താനും പ്രത്യേകം സജ്ജീകരണങ്ങള്‍ ഉണ്ടാകും.അയ്യപ്പഭക്തരുടെ ബെയ്‌സ് പോയിന്റായി നിലയ്ക്കല്‍ മാറ്റാനാണ്  ബോര്‍ഡ് തീരുമാനമെന്നും പ്രസിഡന്റ് അറിയിച്ചു.മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്ന നവംബര്‍ 15 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രം പ്രവശേനം എന്നത് നടപ്പാക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഈമാസം 16 മുതല്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.നിലയ്ക്കലില്‍ വാഹനങ്ങള്‍ തടയുന്നതിനായി പൊലീസ് ബാരിക്കിഡുകള്‍ തീര്‍ക്കും.അയ്യപ്പഭക്തര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുന്നതിന് കൂടുതല്‍ പൊലീസിനെ നിലയ്ക്കലില്‍ വിന്യസിക്കും.നിലയ്ക്കലില്‍ പൊലീസ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കും ഫയര്‍ഫോഴ്‌സ്,ആശുപത്രി സംവിധാനങ്ങളും നിലയ്ക്കലില്‍ മാസപൂജ സമയത്ത് തന്നെ പ്രവര്‍ത്തന സജ്ജമാകും.നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസിനായി കെഎസ്ആര്‍ടിസിയുടെ 60 ഓളം ബസ്സുകള്‍ ഈമാസം നിലയ്ക്കലില്‍ സജ്ജമായിരിക്കും.എല്ലാ സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിംഗിനായി നിലയ്ക്കലില്‍ സൗകര്യം മെച്ചപ്പെടുത്തുന്ന ജോലികള്‍ നിലയ്ക്കലില്‍ തകൃതിയായിട്ടുണ്ട്. ഇതിനായി കൂടുതല്‍ സ്ഥലം ദേവസ്വം ബോര്‍ഡ് കണ്ടെത്തി.
ബെയ്‌സ് ക്യാമ്പ് ലയ്ക്കലാകുന്നതോടെ അയ്യപ്പഭക്തരെ പമ്പയില്‍ ക്യാമ്പ് ചെയ്യാന്‍ അനുവദിക്കില്ല.16 തുറക്കുന്ന ക്ഷേത്ര നട പതിവ് പൂജകള്‍ക്ക് ശേഷം 21 ന് രാത്രി ഹരിവരാസനം പാടിയാണ് അടയ്ക്കും. കണ്ഠരര് രാജീവരര് അടുത്ത ഒരു വര്‍ഷത്തേക്കുള്ള തന്ത്രിയായി 16 ന് ചുമതലയേല്‍ക്കും.പ്രളയത്തെ തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ചിങ്ങമാസ പൂജയ്ക്ക് ശബരിമല സന്നിധാനത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല.അക്കാരണത്താല്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് പൂജ ചെയ്യാനായി ക്ഷേത്രത്തില്‍ എത്തിയിരുന്നത്. തന്ത്രി കുടുംബവുമായി നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം ഇനിയുള്ള ഒരു വര്‍ഷം തന്ത്രി കണ്ഠരര് രാജീവരായിരിക്കും ശബരിമല ക്ഷേത്രത്തില്‍ പൂജകള്‍ നടത്തുക.17 മുതല്‍ 21 വരെ നെയ്യഭിഭേഷകം,ഉദയാസ്തമനപൂജ,പടിപൂജ,കളഭാഭിഷേകം എന്നിവ ഉണ്ടാകും.21 ന് സഹസ്രകലശാഭിഷേകം നടക്കും. മണ്ഡല -മകരവിളക്ക് തിര്‍ത്ഥാടനകാലത്തിലേക്ക് ഇനിയധികം ദൂരമില്ലാത്തതിനാല്‍ തീര്‍ത്ഥാടകക്ഷേമം കുറ്റമറ്റ രീതിയില്‍  കാര്യക്ഷമതയോടെ നടപ്പാക്കാനുള്ള തിരക്കിട്ട ,തീവ്രമായ പ്രവര്‍ത്തനത്തിലാകും തിരുവിതാംകൂര്‍ ദേവസ്വം  ബോര്‍ഡും സര്‍ക്കാരും ഇനിയുള്ള ദിനങ്ങളില്‍. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഒക്ടോബര്‍ 17 ന് തുറക്കും.ഒക്ടോബര്‍ പതിനെട്ടിന് ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും.