ജലസുരക്ഷാ പ്രാധാന്യം തീർഥാടകരിൽ എത്തിക്കാൻ
പ്രത്യേക ബോധവത്കരണം: മന്ത്രി മാത്യു ടി. തോമസ്
ജലസുരക്ഷയുടെ പ്രാധാന്യം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുള്‍പ്പെടെയുള്ള തീര്‍ഥാടകരില്‍ എത്തിക്കുന്നതിന് ജലവിഭവ വകുപ്പ് വിപുലമായ പ്രചാരണ പരിപാടികള്‍ സന്നിധാനത്തും പമ്പയിലും നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. വാട്ടര്‍ അതോറിറ്റി ശബരിമല തീര്‍ഥാടകര്‍ക്ക് വാട്ടര്‍ കിയോസ്‌കുകള്‍ വഴി നല്‍കുന്ന പമ്പാ തീര്‍ഥത്തിന്റെയും ചൂട് വെള്ളവും തണുപ്പ് വെള്ളവും സാധാരണ ജലവും ലഭ്യമാക്കുന്ന ഡിസ്‌പെന്‍സറുകളുടെയും ഉദ്ഘാടനം പമ്പയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജലസുരക്ഷ സംബന്ധിച്ച ബോധവത്കരണം നല്‍കുന്നതിന് വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ തയാറാക്കി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ ഈ ആഴ്ച തന്നെ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.  സന്നിധാനം മുതല്‍ നിലയ്ക്കല്‍ വരെയുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള 161 കിയോസ്‌കുകളിലെ 294 ടാപ്പുകള്‍വഴി പ്രതിദിനം 7,20000 ലിറ്റര്‍ ശുദ്ധജലം തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യും. സന്നിധാനം മുതല്‍ പമ്പ വരെയുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 12 ഡിസ്‌പെന്‍സറുകള്‍ വഴി ഒരേസമയം ചൂടുവെള്ളവും തണുത്തവെള്ളവും സാധാരണ ജലവും തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കും. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ള നിലവാരത്തിന് അനുസൃതമായ കുടിവെള്ളമാണ് സന്നിധാനത്തും നിലയ്ക്കലും പമ്പയിലും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത്. പമ്പയിലും സന്നിധാനത്തുമുള്ള വാട്ടര്‍ അതോറിറ്റിയുടെ എല്ലാ പ്ലാന്റുകളും തീര്‍ഥാടന കാലത്ത് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, വാട്ടര്‍ അതോറിറ്റി സാങ്കേതിക അംഗം ടി. രവീന്ദ്രന്‍, ചീഫ് എന്‍ജിനിയര്‍ ശ്രീകുമാര്‍, ജല അതോറിറ്റി ബോര്‍ഡ് അംഗം അലക്‌സ് കണ്ണമല തുടങ്ങിയവര്‍ പങ്കെടുത്തു.