പ്രളയദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കൊല്ലം കോര്‍പറേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 1,07,10,700 രൂപ. തനത് ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയും ജീവനക്കാരില്‍ നിന്നും മറ്റു സ്രോതസുകളില്‍ നിന്നുമായി ശേഷിക്കുന്ന ആറു ലക്ഷത്തിലധികം രൂപയുമാണ് സമാഹരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന കനിവോടെ കൊല്ലം പരിപാടിയില്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു തുക മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറി.
തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് കോര്‍പറേഷന്‍ ധനസമാഹരണം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ക്കാകെ മാതൃകയാണ് കോര്‍പറേഷന്റെ ഈ നിലയ്ക്കുള്ള പ്രവര്‍ത്തനമെന്നും കൂട്ടിച്ചേര്‍ത്തു.
കോര്‍പറേഷന്റെ ധനശേഖരണ പ്രവര്‍ത്തനം ഇവിടെ അവസാനിക്കുന്നില്ലെന്ന് മേയര്‍ വ്യക്തമാക്കി. വലിയൊരു ദുരന്തത്തില്‍ നിന്ന് നാടിനെ വീണ്ടെടുക്കാനായി തുടര്‍ധനസമാഹരണം നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ടതിന്റെ പ്രാധാന്യം കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ കൊല്ലം ബീച്ചില്‍ ഞായറാഴ്ച (സെപ്തംബര്‍ 16) വൈകിട്ട് നാലു മണിക്ക് സംഗീത പരിപാടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുക കൈമാറാന്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു എന്നിവരും മേയര്‍ക്കൊപ്പം പങ്കെടുത്തു.
പരിപാടിയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എ മാരായ എം. മുകേഷ്, എം. നൗഷാദ്, ജി.എസ്. ജയലാല്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രാജീവ്, സി. സന്തോഷ്, എ.ഡി.എം. ബി. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.