ശബരിമല: ശബരിമലയും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിനും പരിസ്ഥിതിക്ക് കോട്ടം വരാതെ തീര്‍ഥാടനം നടത്തുന്നതിനുമായി നടപ്പാക്കുന്ന പുണ്യംപൂങ്കാവനം പദ്ധതിയുടെ മണ്ഡല കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. സന്നിധാനത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തീര്‍ഥാടനകാലത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ പ്രകൃതിക്ക് ഹാനികരമാകുന്നത് തടയാനാണ് പദ്ധതി മുഖ്യമായും ലക്ഷ്യമിടുന്നത്. വലിയ തോതില്‍ നിക്ഷേപിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ.് ഇത് ഫലപ്രദമായി തടയുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം തീര്‍ഥാടകരില്‍ എത്തിക്കാന്‍ പുണ്യംപൂങ്കാവനം പദ്ധതി ലക്ഷ്യമിടുന്നു. ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഐജിമാരായ മനോജ് ഏബ്രഹാം, പി. വിജയന്‍, ലെയ്‌സണ്‍ ഓഫീസര്‍ എന്‍. വിജയകുമാര്‍, എസ്ഒ പി.കെ. മധു തുടങ്ങിയവര്‍ പങ്കെടുത്തു.