പ്രളയക്കെടുതികള്‍ക്ക് ശേഷം ശബരിമല നട കന്നിമാസ പൂജകള്‍ക്കായി ഇന്ന് (16) തുറക്കും. തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ക്രമീകരണങ്ങളുമൊരുക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകളും സജ്ജമായിക്കഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ താത്ക്കാലിക അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികളാണ് പൂര്‍ത്തിയായിട്ടുള്ളത്.
ദേവസ്വം ബോര്‍ഡ്
നിലയ്ക്കലില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന് ശേഷം കെ.എസ്.ആര്‍.ടി.സി ബസിന്റെ സേവനം പമ്പ വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കന്നിമാസ പൂജയ്ക്കായി ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിനായും ഭക്ഷണം , കുടിവെള്ളം എന്നിവയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ടോയ്‌ലെറ്റ് സംവിധാനം എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബയോടോയ്‌ലെറ്റുകളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പമ്പബസ് സ്റ്റാന്‍ഡ് മുതല്‍ ഗണപതി അമ്പലം വരെയുള്ള സ്ഥലങ്ങളില്‍ മുന്‍കാലങ്ങളിലെതു പോലെയുള്ള സംവിധാനങ്ങള്‍ പുനഃക്രമീകരിക്കുന്ന തിരക്കിലാണ് ദേവസ്വം ബോര്‍ഡ്. കുടിവെള്ള വിതരണത്തിനായി ജലവിഭവ വകുപ്പുമായി ചേര്‍ന്ന് കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുന്നാര്‍ ഡാമിന്റെ ചെളി നീക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനായി ശബരിമലയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള 30 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ അയ്യപ്പന്മാര്‍ക്ക് വിരി വയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്‌നാനത്തിനും പിതൃതര്‍പ്പണത്തിനുമായി ത്രിവേണി പാലത്തിനടുത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. അയ്യപ്പന്മാര്‍ക്കുള്ള ഭക്ഷണക്രമീകരണത്തിനായി ശബരിമലയില്‍ അന്നദാനത്തിന് കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാര്‍ പറഞ്ഞു. അപ്പം, അരവണ സ്റ്റോക്കുണ്ട്. മണ്ഡലകാലത്ത് ഇവ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
വനംവകുപ്പ്
ജില്ലയെ പിടിച്ചുലച്ച പ്രളയത്തില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം താറുമാറായിരുന്നു. ഇവയൊക്കെ വെട്ടിമാറ്റി നിലവില്‍ യാത്ര സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പമ്പ വരെയുള്ള സ്ഥലങ്ങളിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ച് കഴിഞ്ഞു. മണ്ണ് നീക്കം ചെയ്യുന്നതിന് സ്ഥലലഭ്യത പ്രശ്‌നമായിരുന്നുവെങ്കിലും ഒടുവില്‍ സ്ഥലം ഒഴിവുള്ള ഡിപ്പാര്‍ട്ടമെന്റിന്റെ ഭാഗങ്ങളില്‍ താത്കാലികമായി മണ്ണ് നിക്ഷേപിച്ചു. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. മണ്ഡലകാലത്തിന് മുന്‍പ് പമ്പയും സമീപപ്രദേശങ്ങളും പൂര്‍വ്വാവസ്ഥയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടാതെ ഇനിയുള്ള എല്ലാ ക്രമീകരണങ്ങളും നിലയ്ക്കലില്‍ നിന്നായിരിക്കും ആരംഭിക്കുക. ചെയിന്‍ സര്‍വീസുള്ള വാഹനങ്ങളും വനംവകുപ്പിന്റെ വാഹനങ്ങളും മാത്രമേ കടത്തിവിടുകയുള്ളു. ബാക്കിയെല്ലാം നിലയ്ക്കലില്‍ സര്‍വീസ് അവസാനിപ്പിക്കും.
കെ.എസ്.ഇ.ബി
കെ.എസ്.ഇ.ബി. 11 കെവിയുടെ സന്നിധാനം- ശബരി എന്നിങ്ങനെ രണ്ട് ഫീഡറുകളും ചാര്‍ജ് ചെയ്തു. പമ്പ-മണപ്പുറം, ത്രിവേണി, കെ.എസ്.ആര്‍.ടി.സി എന്നീ ഭാഗങ്ങളിലെ വഴിവിളക്കുകള്‍ താല്‍ക്കാലിക പോളുകള്‍ സ്ഥാപിച്ച് തെളിയിച്ചുകഴിഞ്ഞു. 50വാട്ടിന്റെ 750 എല്‍ഇഡി ലൈറ്റുകള്‍ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കി വച്ചിട്ടുണ്ട്. വെള്ളം എത്തിക്കേണ്ടതിനാല്‍ നിലയ്ക്കല്‍ പമ്പ് ഹൗസില്‍ ത്രീ ഫെയ്‌സ് താല്‍ക്കാലിക കണക്ഷന്‍ നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയ്ക്ക് അടുത്ത് സ്ഥാപിക്കുന്ന ബയോടോയ്‌ലറ്റുകള്‍ക്കുള്ള താല്‍ക്കാലിക കണക്ഷനുകളും ഉടന്‍ തന്നെ സ്ഥാപിക്കും. പമ്പ ത്രിവേണിയില്‍ തകര്‍ന്നുപോയ ത്രിവേണി ഫീഡറിന് പകരമായി എബിസി കേബിള്‍ ഉപയോഗിച്ച് 11കെവി ഫീഡര്‍ മറുവശത്ത് മാറ്റിസ്ഥാപിച്ചുകഴിഞ്ഞു. ശബരിമലയ്ക്ക് സപ്ലൈ നല്‍കാന്‍ വേണ്ടി മൊത്തം ആറ് ലാറ്റസ് പോളുകള്‍് സ്ഥാപിച്ചു. ഇതുകൂടാതെ ആയ്യപ്പസേതു സര്‍വ്വീസ് റോഡില്‍ 20 പോളുകള്‍ നാട്ടി തെരുവുവിളക്കുകളും സ്ഥാപിച്ച് കഴിഞ്ഞു.
കെ.എസ്.ആര്‍.ടി.സി
കന്നിമാസ പൂജയ്ക്കായി ശബരിമലയിലേയ്ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍. മനേഷ് അറിയിച്ചു. നിലയ്ക്കലില്‍ നിന്നും പമ്പ വരെ ചെയിന്‍ സര്‍വീസുകളും ഉണ്ടാകും. പ്രളയശേഷം റോഡുകള്‍ക്ക് നാശനഷ്ടം ഉള്ളതിനാല്‍ അപകടസാധ്യത ഏറെയാണ്. ആയതിനാല്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പകരം അധിക കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും അധികസര്‍വ്വീസ് കെഎസ്ആര്‍ടിസി പമ്പയിലേയ്ക്ക് നടത്തുന്നുണ്ട്. നിലയ്ക്കല്‍-പമ്പ സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. യാത്രക്കാരുടെ എണ്ണം അനുസരിച്ച് 24 മണിക്കൂറും അധിക സര്‍വ്ീസുകള്‍ ഉണ്ടാകും. ശബരിമലയിലേയ്ക്ക് സ്‌പെഷല്‍ സര്‍വീസ് ആയതിനാല്‍ മുന്‍കാലങ്ങളിലേത് പോലെയുള്ള ഡ്യൂട്ടി സമയം തന്നെയായിരിക്കും കണ്ടക്ടര്‍മാര്‍ക്ക്. സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന പരിശോധന ഉണ്ടാകും.
ജലവിഭവവകുപ്പ്
പ്രളയത്തില്‍പ്പെട്ട് പമ്പയിലെ തകര്‍ന്ന കിണറും പമ്പ് ഹൗസും പുനസ്ഥാപിച്ചു. പമ്പ മുതല്‍ മരക്കൂട്ടം വരെയുള്ള സ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജലം സുലഭമായി ലഭ്യമാക്കുന്നതിനായി കൂടുതല്‍ കിയോസ്‌കുകള്‍ ക്രമീകരിച്ച് വാട്ടര്‍ അതോറിറ്റി. മണിക്കൂറില്‍ 30000 ലിറ്റര്‍ കുടിവെള്ളം ശുദ്ധീകരിച്ച് നല്‍കാനുള്ള പ്ലാന്റുകളും കിയോസ്‌കുകളും താല്‍ക്കാലികമായി തയ്യാറാക്കി. ട്രക്കിങ്പാത്ത്, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകള്‍ സ്ഥാപിച്ച് പതിനെട്ടോളം കിയോസ്‌കുകള്‍ സ്ഥാപിക്കും. നിലയ്ക്കലില്‍ ദേവസ്വംബോര്‍ഡിന്റെ സിന്‍ടെക്‌സ് ടാങ്കില്‍ വെള്ളം എത്തിക്കും.
മെഡിക്കല്‍ വിഭാഗം
പ്രളയം ബാധിച്ചതിനാല്‍ പമ്പയിലെ ആശുപത്രി പ്രവര്‍ത്തനസജ്ജമാകാതെ തുടരുന്നതിനാല്‍ നിലയ്ക്കലില്‍ ബേസ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. നടതുറക്കലിന്റെ ഭാഗമായി നീലിമല, അപ്പാച്ചിമേട്, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി മെഡിക്കല്‍ വിഭാഗം ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. പമ്പയിലെ ആശുപത്രി പ്രവര്‍ത്തനസജ്ജമല്ലാത്തതിനാല്‍ ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍  അമൃത ആശുപത്രിയുടെ കെട്ടിടത്തിലാണ് ലഭ്യമാക്കുക. ആറ് ഡോക്ടര്‍മാരെയും ആറ് നഴ്‌സുമാരെയും ആറ് പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഉള്‍പ്പെടെ 30ഓളം ജീവനക്കാരെയാണ് ആരോഗ്യവകുപ്പ് കന്നിമാസപൂജയോടനുബന്ധിച്ച് നിയോഗിച്ചിട്ടുള്ളത്. പ്രളയത്തിന് ശേഷം എലിപ്പനിയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആവശ്യമുള്ളവര്‍ക്ക് ഡോക്‌സിസൈക്ലീന്‍ ഗുളികകള്‍ ലഭ്യമാക്കുന്നതിന് പ്രതേ്യക കൗണ്ടറും സജ്ജമാക്കി.