ശബരിമല സന്നിധാനത്തെ പൊടി വെള്ളമൊഴിച്ച് നീക്കുന്ന ഫയർഫോഴ്‌സിന്റെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. സന്നിധാനത്ത് ചേർന്ന വകുപ്പുകളുടെ അവലോകന യോഗത്തിൽ പൊടി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫയർഫോഴ്‌സിന് നിർദേശം നൽകിയിരുന്നു. വിവിധ പോയിന്റുകളിലെ ഹൈഡ്രന്റുകളിൽ നിന്നുള്ള ജലമാണ് ഹോസ് മുഖേന പൊടി നീക്കി കഴുകി വൃത്തിയാക്കുന്നതിന് ഫയർഫോഴ്‌സ് ഉപയോഗിക്കുന്നത്. സന്നിധാനത്തെ വലിയ നടപ്പന്തൽ, ആഴിയുടെ പരിസരം, മാളികപ്പുറം, പാണ്ടിത്താവളം, വലിയ നടപ്പന്തലിനു സമീപം കെഎസ്ഇബി പരിസരം എന്നിവിടങ്ങളിലെ പൊടി ഇന്നലെ കഴുകി നീക്കം ചെയ്തു.
ഇതിനു ശേഷം പൊടി പറക്കുന്നതു തടയുന്നതിന് രണ്ട് മണിക്കൂർ ഇടവിട്ട് എല്ലാ സ്ഥലങ്ങളിലും വെള്ളം സ്‌പ്രേ ചെയ്തു. ഫയർഫോഴ്‌സ് സ്‌പെഷൽ ഓഫീസർ ഋ്വതിക്കിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ സൂരജ്, മനോജ്, അനിൽ എന്നിവർ ഉൾപ്പെടുന്ന ടീമാണ് ശുചീകരണം നടത്തുന്നത്. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങൾ പുലർച്ചെ തന്നെ ഖരമാലിന്യങ്ങൾ എല്ലാ സ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനു ശേഷമാണ് പൊടി മാറ്റുന്നതിനായി ഫയർ ഫോഴ്‌സ് വെള്ളം സ്‌പ്രേ ചെയ്തത്. വളരെ ശക്തിയിൽ വെള്ളം ചീറ്റിയാണ് പൊടി നീക്കുന്നത്. വെള്ളം ഒഴിച്ചു കഴുകി വൃത്തിയാക്കുന്നതു മൂലം ശുചീകരണം വളരെ ഫലപ്രദമായി മാറിയിട്ടുണ്ട്.