തലസ്ഥാന നഗരിയിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയുടെ മാതൃകയില്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാവതരണത്തിനും കലാകാര കൂട്ടായ്മകള്‍ക്കുമായി സാംസ്‌കാരിക വകുപ്പ് സൗകര്യപ്രദമായ പാതയോരം കണ്ടെത്തി നാട്ടരങ്ങ് നിര്‍മ്മിക്കും. സാംസ്‌കാരിക കലാ പ്രവര്‍ത്തനങ്ങളുടെ  സ്ഥിരം വേദിയായിരിക്കും ഇത്. പ്രദേശത്തെ കലാകാരന്മാര്‍ക്കും സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍ക്കും കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇവിടെ അവസരമുണ്ടാവും. വിവിധ അക്കാദമികള്‍, സ്ഥാപനങ്ങള്‍, പ്രാദേശിക ക്ലബുകള്‍, വായനശാലകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവരുമായി സഹകരിച്ചും പരിപാടികള്‍ അവതരിപ്പിക്കാം.
ഒരു നാട്ടരങ്ങിന്റെ നിര്‍മ്മാണത്തിന് കുറഞ്ഞത് അഞ്ച് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സ്ഥല ലഭ്യതയനുസരിച്ച് ഒരു തുറന്ന സ്റ്റേജ്, ചമയമുറി, പടികള്‍, ബഞ്ചുകള്‍ എന്നിവ നിര്‍മ്മിക്കും. നാട്ടരങ്ങിന്റെ അതിര്‍ത്തി തീര്‍ക്കുന്ന ചുമരുകള്‍, ചുമര്‍ ചിത്രങ്ങള്‍ കൊണ്ടും ചെറു ശില്പങ്ങള്‍ കൊണ്ടും മോടിപിടിപ്പിക്കും. പദ്ധതിയുടെ ചെലവ് 3:2 എന്ന അനുപാതത്തില്‍ യഥാക്രമം സാംസ്‌കാരിക വകുപ്പും തദ്ദേസ്വയംഭരണ സ്ഥാപനങ്ങളും ചെലവഴിക്കും. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഓരോ ജില്ലയിലും ഓരോ നാട്ടരങ്ങ് എന്ന രീതിയില്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. സാംസ്‌കാരിക വകുപ്പ് 50 ലക്ഷം രൂപ ഇതിനായി മാറ്റി വച്ച് 16 നാട്ടരങ്ങുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.