മഹാപ്രളയത്തിനു ശേഷം നിശ്ചലമായ ജില്ലയുടെ ടൂറിസം മേഖല അതിജീവനത്തിനായുള്ള പോരാട്ടത്തില്‍. തിരിച്ചുവരവിനായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രണ്ടു കേന്ദ്രങ്ങളൊഴികെ മറ്റു കേന്ദ്രങ്ങളെല്ലാം തുറന്നതോടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വയനാട്. പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ ടൂറിസം കേന്ദ്രങ്ങള്‍ ദിവസങ്ങളോളം അടച്ചിട്ടിരുന്നു. കാന്തന്‍പാറയും ചെമ്പ്രാ പീക്കും മാത്രമാണ് ഇനി തുറക്കാനുള്ളത്. കാന്തന്‍പാറയില്‍ കൈവരിയും നടപ്പാതയും തകര്‍ന്നിട്ടുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ട് തുറക്കാന്‍ കഴിയുമെന്നു ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു. റോഡ് തകര്‍ന്നതിനാലാണ് ചെമ്പ്ര അടച്ചിട്ടത്. ഉടന്‍തന്നെ ബദല്‍ റോഡുണ്ടാക്കി സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. മാനന്തവാടി പഴശ്ശി പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ തുറക്കും.
ഒരിടവേളകള്‍ക്കു ശേഷം ജില്ലയിലേക്ക് വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പൂക്കോട്, കുറുവ, എടക്കല്‍ ഗുഹ തുടങ്ങിയ കേന്ദ്രങ്ങളിലും വന്യജീവി സങ്കേതങ്ങളിലും നിരവധി സഞ്ചാരികള്‍ എത്തി. ഗുഹാമുഖത്ത് പാറക്കെട്ട് ഇടിഞ്ഞതിനെ തുടര്‍ന്ന് എര്‍പ്പെടുത്തിയ നിരോധനം നീക്കിയതോടെയാണ് എടക്കല്‍ ഗുഹയിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയത്. കഴിഞ്ഞ 23 നായിരുന്നു സന്ദര്‍ശനം നിരോധിച്ചത്. പാറക്കെട്ട് ഇടിഞ്ഞ ഒന്നാം ഗുഹ ഒഴിവാക്കി സെക്കന്‍ഡ് പാത്തിലൂടെ ശിലാചിത്രങ്ങളുള്ള രണ്ടാം ഗുഹയില്‍ സന്ദര്‍ശനം നടത്തി, അതേ വഴിയിലൂടെ സഞ്ചാരികള്‍ തിരിച്ചുവരുന്ന വിധത്തിലാണ് ടൂറിസം ക്രമീകരണം. രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയാണ് പ്രവേശനം. 30 പേരടങ്ങുന്ന ചെറുസംഘങ്ങളായാണ് സഞ്ചാരികളെ ഷെല്‍ട്ടറിലേക്കു കടത്തിവിടുന്നത്.