കഴക്കൂട്ടം , എരുമേലി, ചെങ്ങന്നൂർ, ചിറങ്ങര, ശുകപുരം , മണിയൻകോട് എന്നീ 7 ക്ഷേത്രങ്ങളിൽ ഇടത്താവള സമുച്ചയങ്ങൾ

പമ്പയിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് 45 കോടി

ശബരിമല ഇടത്താവള സമുച്ചയ നിർമ്മാണത്തിന് കിഫ്ബിയുമായി ദേവസ്വം വകുപ്പ് 100 കോടി രൂപയുടെ കരാർ ഒപ്പിട്ടു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ കിഫ്ബി സിഇഒ കെ.എം എബ്രഹാമും ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാലുമാണ് കരാറിൽ ഒപ്പ് വെച്ചത്. നിലയ്ക്കലിൽ 35 കോടി രൂപയുടെ ഇടത്താവള സമുച്ചയമാണ് നിർമ്മിക്കുന്നത്. അമ്പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക്, ബയോഗ്യാസ് പ്ലാന്റ്, തടയണ, ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയടക്കമുള്ള ഇടത്താവള സമുച്ചയ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. പമ്പയിൽ 5 എംഎൽഡി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് 45 കോടി രൂപയും കിഫ്ബി നൽകും. രണ്ട് വർഷത്തിനുള്ളിൽ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കണം. നിലയ്ക്കലിൽ ആധുനിക വാഹന പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിക്കുന്നതിന് 5 കോടി രൂപയും കിഫ്ബി നൽകും. ഒരു വർഷത്തിനുള്ളിൽ പാർക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കണം. കഴക്കൂട്ടം മഹാദേവർ ക്ഷേത്രം, എരുമേലി, ചെങ്ങന്നൂർ, ചിറങ്ങര, ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം, മണിയൻകോട് എന്നീ 7 ക്ഷേത്ര പരിസരങ്ങളിലാണ് ഇടത്താവള സമുച്ചയ നിർമ്മാണത്തിന് 10 കോടി രൂപ വീതമാണ് കിഫ്ബി വഴി ലഭ്യമാക്കുന്നത്. ഈ ഇടത്താവള സമുച്ചയങ്ങളെല്ലാം ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. റാന്നിയിൽ ആധുനിക പാർക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കാൻ 5 കോടി രൂപയും കിഫ്ബി നൽകും. ശബരിമല ഇടത്താവള സമുച്ചയങ്ങളെല്ലാം ക്ഷേത്രങ്ങളുടെ നിർമ്മാണ ശൈലിയോട് ചേർന്ന് നിൽക്കുന്ന തരത്തിലാണ് നിർമ്മിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡംഗങ്ങളായ കെ. രാഘവൻ, കെ.പി ശങ്കരദാസ്, ദേവസ്വം കമ്മീഷണർ എൻ. വാസു, ചീഫ് എഞ്ചിനീയർ ശങ്കരൻ പോറ്റി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.