കോട്ടയം ജില്ലയിലെ മീനച്ചിലാര്‍-മീനന്തലയാര്‍- കൊടൂരാര്‍ നദീ പുനസംയോജന പദ്ധതി ജനപങ്കാളിത്തത്തിന്റെ നല്ല മാതൃകയെന്ന് യുഎന്‍ പ്രതിനിധികള്‍.   പ്രളയക്കെടുതിയിലുണ്ടായ  ജില്ലയിലെ  കൃഷിനാശം  പഠിക്കാനെത്തിയ യുണെറ്റഡ് നേഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ പ്രതിനിധികളായ സി.പി മോഹനനും ഡോ. അനന്തരാജുമാണ് ജില്ലയിലെ നദീപുനസംയോജന പദ്ധതിയുടെ വിശദാംശങ്ങള്‍ ആരാഞ്ഞത്. നദികളുടെയും തോടുകളുടെയും ഒഴുക്ക് എക്കലും മറ്റുമടിഞ്ഞ് നിലച്ചിട്ടുളളത് പുനസൃഷ്ടിക്കാന്‍ ജനപങ്കാളിത്തത്തോടുകൂടിയുളള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് സംഘാംഗങ്ങള്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് കോട്ടയത്തെ വിജയിച്ച പദ്ധതിയായ മീനച്ചിലാര്‍-മീനന്തലയാര്‍- കൊടൂരാര്‍ നദീ പുനസംയോജന പദ്ധതി ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി പരിചയപ്പെടുത്തിയത്. പദ്ധതി പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയ പ്രതിനിധികള്‍ ഇത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും മികച്ച മാതൃകയായി പരിചയപ്പെടുത്തുമെന്നും പറഞ്ഞു.  സര്‍ക്കാര്‍ തലത്തില്‍ വര്‍ഷങ്ങളോളം കേസു നടത്തേണ്ടി വരുമായിരുന്ന കൈയ്യേറ്റങ്ങള്‍ പോലും ജനങ്ങള്‍ ഇടപെട്ടപ്പോള്‍  ഒഴിപ്പിക്കാനായി എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളും ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതായിരിക്കണം. ജില്ലയിലെ ജലസ്രോതസ്സുകളുടെ ഒഴുക്ക് പുനസൃഷ്ടിക്കുക എന്നത് ഏറെ പ്രധാനമാണ്. ഇവയുടെ മാപ്പിംഗ് 30 വര്‍ഷമെങ്കിലും മുമ്പുളള റഫറന്‍സ് ഉപയോഗിച്ചു വേണം നടത്തേണ്ടത്. അത്രയും വര്‍ഷമെങ്കിലും മുമ്പുളള ഡ്രെയിനേജ് സിസ്റ്റം പുനസ്ഥാപിക്കേണ്ടതുണ്ട്. എഡിഎം അലക്‌സ് ജോസഫ്, ഇറിഗേഷന്‍, കൃഷി, ഹരിതകേരള മിഷന്‍ ഉദ്യോഗസ്ഥരും കല്ലറ, മുണ്ടാര്‍ പാടശേഖരങ്ങളില്‍ നിന്നുളള കര്‍ഷകരും ജില്ലയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ കല്ലറ, മുണ്ടാര്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു. രണ്ടു തവണ വിത്തിറക്കിയിട്ടും പാകമാകുന്നതിനു മുമ്പ് വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ച പാടശേഖരങ്ങളാണ് പ്രതിനിധികള്‍ സന്ദര്‍ശിച്ചത്. കാളത്തോട് പാടശേഖരത്തിലെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുളള റിംഗ് ബണ്ട് നിര്‍മ്മാണവും സന്ദര്‍ശിച്ചു. കല്ലറയില്‍ രണ്ടു തവണയും വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ച നാരായണന്‍ നായരുടെ 45 ഏക്കര്‍ പാടശേഖരവും പ്രതിനിധികള്‍ സന്ദര്‍ശിച്ചു. പൊതുനഷ്ടം കൂടാതെ വ്യക്തിഗത നഷ്ടം കൂടി മനസ്സിലാക്കാനാണ് ഇത്. കൃഷി നശിക്കുമ്പോള്‍ വിള നാശം കൂടാതെ കൃഷിക്കാരുടെ തൊഴിലിനത്തിലുളള നഷ്ടങ്ങളും കണക്കിലെടുക്കുമെന്ന് പ്രതിനിധികള്‍ പറഞ്ഞു.