യോഗ ജീവിതചര്യ -മുഖ്യമന്ത്രി

ശരീരത്തിന്റെയും മനസിന്റെയും താളം കാത്തുസൂക്ഷിക്കാനാകുന്ന ജീവിതചര്യയാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടാമത് ഏഷ്യൻ യോഗ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ വെറും വ്യായാമമല്ല. ആരോഗ്യസംരക്ഷണത്തിനൊപ്പം ശരീരത്തിന്റെയും മനസിന്റെയും സുസ്ഥിതിക്ക് യോഗ ഫലപ്രദമാണ്.
യോഗയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ആഗോളതലത്തിൽ ആരോഗ്യകരമായ സമൂഹമെന്ന വികസന കാഴ്ചപ്പാട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യു.എൻ യോഗയെ അംഗീകരിച്ചതും എല്ലാ ജൂൺ 21നും അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതും.
ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും യോഗ പരിശീലിക്കുന്നുണ്ട്. വിദ്യാർഥികളുടെ ഏകാഗ്രതയും പഠനവും മെച്ചപ്പെടുത്താൻ യോഗ പരിശീലിപ്പിക്കുന്നുണ്ട്. സ്‌കൂളുകളിൽ വിദ്യാർഥികളുടെ ശാരീരികക്ഷമതയ്ക്കും കോർപറേറ്റുകൾ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനും യോഗ പരിശീലിപ്പിക്കുന്നുണ്ട്.


യോഗ സംബന്ധിച്ച് ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗയുടെ പ്രചാരം വർധിപ്പിക്കുന്ന നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കായികമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. യോഗ സാർവത്രികമായ പ്രചാരമുള്ള വ്യായാമമായും ജനകീയ പ്രസ്ഥാനമായും മാറിയിരിക്കുകയാണ്. ബുദ്ധിപരവും ശാരീരികവുമായ അഭിവൃദ്ധിക്കും രോഗപ്രതിരോധത്തിനും യോഗ ഫലപ്രദമാണ്. കുട്ടികളിലും യുവാക്കളിലും മഹിളകളിലും യോഗപ്രചാരണത്തിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗ വെറും ആചാരമല്ല, ആരോഗ്യകരമായ ജീവിതക്രമമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. രാഷ്ട്രത്തിന്റെ പാരമ്പര്യം ഗുണപരമായി ഉയർത്തിപ്പിടിക്കുംവിധം യോഗയുടെ ഗുണപരമായ വശങ്ങളിൽ ശ്രദ്ധയൂന്നിയാണ് കേരളം മുന്നോട്ടുപോകുന്നത്. ഒരുപക്ഷേ, സാമാജികർക്ക് യോഗ പരിശീലനം നൽകിയ ആദ്യ സഭ കേരള നിയമസഭയാകുമെന്നും അദ്ദേഹം പറഞ്ഞു.
കേവല വിൽപനചരക്കാക്കിയല്ല, മതാതീതമായി അർഥപൂർണമായ ജീവിതരീതിയായാണ് കേരളം യോഗ പ്രചരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതെന്ന് ചടങ്ങിൽ ആശംസയർപ്പിച്ച റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡൻറ് അശോക്കുമാർ അഗർവാൾ, കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

ചാമ്പ്യൻഷിപ്പ് ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ബി. ബാലചന്ദ്രൻ സ്വാഗതവും ഏഷ്യൻ യോഗ ഫെഡറേഷൻ സെക്രട്ടറി പ്രബീർ കർമാകർ നന്ദിയും പറഞ്ഞു.
നൗഫ് മാർവായ് (ദുബായ്), ഡോ. ഡി.എസ്. ലിംഗം പിള്ള (മലേഷ്യ), സിയങ് ഹ്വാൻ ലീ (സൗത്ത് കൊറിയ), ശ്രീനിവാസ് സുരേഷ് കമൽ (തായ്‌ലൻറ്), പ്രബീർ കർമാക്കർ (ഹോങ്‌കോങ്), കുമരേശൻ സുബ്രഹ്മണ്യൻ (സിംഗപൂർ), ന്യൂയെൻ തി ഗാ (വിയറ്റ്‌നാം), ഇന്ദു അഗർവാൾ (ഇന്ത്യ), ബി. ബാലചന്ദ്രൻ (ഇന്ത്യ) എന്നിവർക്ക് യോഗ രത്‌ന പുരസ്‌കാരം ചടങ്ങിൽ സമ്മാനിച്ചു.
ഇന്ത്യ, ഇറാൻ, മലേഷ്യ, സിംഗപൂർ, വിയറ്റ്‌നാം, ശ്രീലങ്ക, തായ്‌ലൻറ്, യു.എ.ഇ, ഹോങ്്‌കോങ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മത്‌സരാർഥികളും പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പ് 30ന് സമാപിക്കും. സമാപനസമ്മേളനം ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും.