കൂടാതെ 30 ഹോസ്പിറ്റല്‍ അറ്റന്റുമാരും 8 സെക്യൂരിറ്റിക്കാരും

അത്യാധുനിക നേത്ര ചികിത്സയുമായി പുതിയകെട്ടിടത്തിലേക്ക്

തിരുവനന്തപുരം: റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയിലെ (ആര്‍.ഐ.ഒ.) പുതിയ കെട്ടിടം എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 54 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 4 ഒഫ്ത്താല്‍മോളജി അസി. പ്രൊഫസര്‍, 1 അനസ്തീഷ്യ അസി. പ്രൊഫസര്‍, 3 ഹെഡ്‌നഴ്‌സ്, 18 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, 15 നഴ്‌സിംഗ് അസിസ്റ്റന്റ്, 3 ഫാര്‍മസിസ്റ്റ് ഗ്രേഡ്-2, 2 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2, 2 ലാബ് അസിസ്റ്റന്റ് , 3 റിഫ്രക്ഷണിസ്റ്റ് ഗ്രേഡ്-2, 3 ക്ലാര്‍ക്ക് എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. ഇതുകൂടാതെ 30 ഹോസ്പിറ്റല്‍ അറ്റന്റര്‍മാരെയും 8 സെക്യൂരിറ്റിക്കാരെയും നിയമിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്രയും തസ്തികകള്‍ അധികമായി സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

പുതിയ കെട്ടിടം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് മന്ത്രി പറഞ്ഞു. ആര്‍.ഐ.ഒ.യെ നവീകരിച്ച് അത്യാധുനിക നേത്ര ചികിത്സ ലഭ്യമാക്കുന്നതിനായി അടുത്തിടെ 3.72 കോടി രൂപ അനുവദിച്ചിരുന്നു. ഈ കെട്ടിടം പ്രവര്‍ത്തന സജ്ജമാകുന്നതോടെ മറ്റേത് സ്വകാര്യ ആശുപത്രിയിലുള്ളതിനേക്കാളുമുള്ള മികച്ച സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

സ്ഥല പരിമിതിയാല്‍ ബുദ്ധിമുട്ടുന്ന കണ്ണാശുപത്രിയ്ക്ക് ഏറെ ആശ്വാസമാകും പുതിയ കെട്ടിടം. ഏഴുനിലകളുള്ള ഈ ബഹുനിലമന്ദിരം പ്രവര്‍ത്തന സജ്ജമാകുന്നതോടെ റഫറല്‍ ഒ.പി.യും പ്രധാനപ്പെട്ട സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും മാറ്റി സ്ഥാപിക്കും. ഒരു ആധുനിക തീയറ്റര്‍ കോംപ്ലക്‌സ്, ലാബ് സമുച്ചയം, ഡേകെയര്‍ വാര്‍ഡ് എന്നിവയും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ഇത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നായി തിരുവനന്തപുരം ആര്‍.ഐ.ഒ. മാറും.