ആലപ്പുഴ: പ്രളയത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ട സാഹചര്യത്തിൽ തൊഴിലുറപ്പുപദ്ധതിയിലൂടെ അത്തരം കുടുംബങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിന് പദ്ധതി അനുയോജ്യമായ മാറ്റം വരുത്തി വിപുലീകരിക്കാൻ സർക്കാരിന്റെയും മിഷൻ ഡയറക്ടറുടെയും നിർദ്ദേശം ലഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ദിശ (ഡിസ്ട്രിക് ഡെവലപ്‌മെൻറ് കോ-ഓഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മറ്റി) യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിർദ്ദേശപ്രകാരം പ്രളയാനന്തരം പ്രവർത്തനങ്ങൾക്കായി അധിക കർമ്മ പദ്ധതി വഴി 9 4 6 3 8 4 1 തൊഴിൽദിനങ്ങൾ അധികമായി സൃഷ്ടിക്കും.
പ്രളയത്തിൽ തൊഴിൽകാർഡ് നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും പുതിയ തൊഴിൽ കാർഡുകൾ വിതരണം ചെയ്യും. പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും തൊഴിലുറപ്പ് പദ്ധതിയിൽ ഉടൻതന്നെ തൊഴിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതിന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ തൊഴിലാളികളുടെ യോഗം വിളിച്ചുചേർക്കുകയും തൊഴിലിനുള്ള അപേക്ഷ സ്വീകരിക്കുകയും വേണം. ഓരോ ഗ്രാമപഞ്ചായത്തിലും പ്രളയക്കെടുതിയെ ത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്തി പൊതു അടിസ്ഥാനസൗകര്യങ്ങളുടെ പുനഃസ്ഥാപനത്തിനായി പ്രവർത്തികൾ പുതുതായി കണ്ടെത്തി നടത്തണം. ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾ ചെയ്തു പുനസ്ഥാപിക്കൽ, കലുങ്കുകൾ പുനസ്ഥാപിക്കൽ, പൊതു ആസ്തികളുടെ പുനസ്ഥാപനം, പൊതു കിണറുകളുടെ പുനരുദ്ധാരണം, പൊതു കുളങ്ങളുടെ പുനർനിർമാണം,ജലസേചന കനാലുകളുടെ പുനർനിർമ്മാണം, അറ്റകുറ്റപ്പണികൾ, പൊതു ശൗചാലയങ്ങളുടെ നിർമ്മാണം, വെള്ളപ്പൊക്കം മൂലം ഉപയോഗശൂന്യമായ സ്‌കൂൾ കക്കൂസുകളുടെ പുനസ്ഥാപനം, കമ്പോസ്റ്റ് സംവിധാനങ്ങളുടെ പുനസ്ഥാപനം, കേന്ദ്ര-സംസ്ഥാന സഹായത്താൽ നിർമ്മിച്ച വീടുകളുടെ പുനർനിർമ്മാണവും അറ്റകുറ്റപ്പണികളും, കോണ്ടൂർ ബണ്ടുകളുടെയും കൈയാലകളുടെയും പുനഃസ്ഥാപനം, തടയണകളുടെ നിർമ്മാണവും പുനഃസ്ഥാപനവും തുടങ്ങി വിവിധ പദ്ധതികൾ തൊഴിലുറപ്പ് വഴി ഏറ്റെടുത്തു നടപ്പാക്കാം.

പ്രളയാനന്തര പുനർനിർമാണത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ പരമാവധി പങ്കാളികളാക്കാനും അവർക്ക് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനസർക്കാർ 150 തൊഴിൽ ദിനങ്ങൾ ആക്കി വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 11 കോടി തൊഴിൽ ദിനങ്ങളാണ് സർക്കാർ ഇക്കാര്യത്തിൽ കൂടുതലാണി ആവശ്യപ്പെടുന്നത്. പുതിയ പ്രവർത്തികൾ ഏറ്റെടുത്തു ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് തല അംഗീകാരം കഴിഞ്ഞദിവസം നടന്ന യോഗത്തിൽ നൽകി. ഈ വർഷം സെപ്റ്റംബർ 15 വരെ 1, 1 4, 3 4 0 കുടുംബങ്ങൾക്ക് തൊഴിലുറപ്പു പദ്ധതി വഴി തൊഴിൽ നൽകി. ഇതുവഴി കൂലിയായി 7 4 8 6 ലക്ഷം രൂപ നൽകി. ജില്ലയിൽ ഇതുവരെ 90 കുടുംബങ്ങൾക്ക് നൂറ് ദിവസത്തിലധികം തൊഴിൽ ലഭിച്ചു. 3 4 3 2 പ്രവൃത്തികൾ പൂർത്തീകരിച്ചു. 2 6, 8 6 7 9 8 തൊഴിൽ ദിനങ്ങളാണ് ഇതുവരെ സൃഷ്ടിക്കപ്പെട്ടത്. ബ്ലോക്ക് തലത്തിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് പട്ടണക്കാട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തുകളാണ.് തൈക്കാട്ടുശ്ശേരി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തുകളാണ് തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതിൽ പിന്നിൽ. 2018-19 ലേബർ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ 17 ഗ്രാമപഞ്ചായത്തുകൾ ഒഴികെ എല്ലാ ഗ്രാമപഞ്ചായത്തുകളും 100 ശതമാനത്തിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

വയലാർ, ആറാട്ടുപുഴ, തുറവൂർ ഗ്രാമപഞ്ചായത്തുകളാണ് ഇതിൽ മുന്നിൽ. നീലംപേരൂർ, മുട്ടാർ, പെരുമ്പളം, വീയപുരം, കൃഷ്ണപുരം, അരൂക്കുറ്റി, പാണ്ടനാട,് കൈനകരി, മാന്നാർ, ചേന്നം പള്ളിപ്പുറം, നെടുമുടി, ചുനക്കര, തലവടി,പാണാവള്ളി,പുന്നപ്ര നോർത്ത്,തി രുവൻവണ്ടൂർ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എന്നിവയ്ക്ക് 100 ശതമാനത്തിൽ താഴെ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനേ സാധിച്ചുള്ളൂ. 18-19 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും മുതുകുളം ബ്ലോക്ക് പഞ്ചായത്തുമാണ.് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവ പണം ചെലവഴിച്ച കാര്യത്തിൽ പിന്നിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്തുകൾ ആറാട്ടുപുഴയും തൃക്കുന്നപുഴയും പുറക്കാടുമാണ്. പാണ്ടനാട്, തിരുവൻവണ്ടൂർ, ആല എന്നീ ഗ്രാമപഞ്ചായത്തുകൾ തുക ചെലവഴിച്ച കാര്യത്തിൽ പിന്നിലാണ്. അമ്പലപ്പുഴ ബ്ലോക്കിൽ 25 കുടുംബങ്ങൾക്ക് നൂറിലധികം തൊഴിൽദിനങ്ങൾ ലഭിച്ചപ്പോൾ ചമ്പക്കുളം വെളിയനാട് ബ്ലോക്കുകളിൽ ഒരു കുടുംബത്തിന് പോലും 100 തൊഴിൽ ദിനങ്ങൾ തികയ്ക്കാൻ ആയില്ല. പ്രളയവും കംപ്യൂട്ടിറിന്റെ പ്രശ്‌നങ്ങളും കാരണം പദ്ധതികൾ മുന്നോട്ടു പോകുന്നതിൽ ചില തടസ്സങ്ങൾ നേരിട്ടതായി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനുള്ള നടപടികളുമായി വേഗത്തിൽ മുന്നോട്ടുപോകാൻ ദിശ യോഗം നിർദ്ദേശം നൽകി. 47 ഗ്രാമപഞ്ചായത്തുകളിൽ ഇതുവരെയും ഒരു കുടുംബത്തിനു പോലും 100 ദിവസം തൊഴിൽ നൽകാൻ സാധിച്ചിട്ടില്ല എന്ന് യോഗം വിലയിരുത്തി. ദിശ യോഗത്തിൽ കേന്ദ്രാവിഷ്‌കൃത മറ്റ് പദ്ധതികളുടെ അവലോകനവും നടന്നു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിപ്രകാരം 504 വീടുകളുടെ പണി പൂർത്തിയാക്കിയതായി യോഗത്തെ ഉദ്യോഗസ്ഥർ അറിയിച്ചു.

എംപിമാരായ എ.കെ. ആൻറണി, വയലാർ രവി, കൊടിക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ എന്നിവരുടെ നിർദ്ദേശപ്രകാരം തൈക്കാട്ടുശ്ശേരി, കടക്കരപ്പള്ളി, തകഴി, ആര്യാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ സൻസദ് ആദർശ് ഗ്രാമ യോജന (സാഗി) പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. വൈദ്യൂതീകരണവുമായി ബന്ധപ്പെട്ട ഡി. ഡി. ആു. ജി. ജെ. വൈ പദ്ധതിയിൽ നേരത്തെ തീരുമാനിച്ചിരുന്ന പ്രവർത്തികൾക്ക് പകരമായി തത്തുല്യമായ തുകയിൽ മാറ്റം വരുത്തിയ ഡി.പി.ആറിന് യോഗം അനുമതി നൽകി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.വിനോദിനി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ കെ.വി.ദേവദാസ്, ഡെപ്യൂട്ടി കളക്ടർ മുരളീധരൻപിള്ള ജില്ലയിലെ എം.പി.മാരുടെ പ്രതിനിധികൾ, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.