ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തിൽ സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചെലവിൽ അത്യാധുനിക കൺവെൻഷൻ സെന്റർ നിർമ്മിക്കും. രണ്ട് നിലകളിലായി 23622 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 15751 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള താഴത്തെ നിലയിൽ ഒരേ സമയം ആയിരത്തിലധികം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. പുറത്തു നിന്ന് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ള ഈ കൺവെൻഷൻ സെന്ററിന്റെ മുറ്റത്ത് നിന്നും കൂടി ദൃശ്യമാകുന്ന രീതിയിലാണ് വേദി തീർക്കുന്നത്. ഓഫീസ്, ഗ്രീൻ റൂം, സ്റ്റോർ, അടുക്കള, ടോയ് ലെറ്റുകൾ എന്നിവയും താഴത്തെ നിലയിൽ ഉണ്ടാകും. മുകളിലത്തെ നിലയിൽ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന ഡിജിറ്റൽ മ്യൂസിയം സ്ഥാപിക്കും. മ്യൂസിയത്തിലെ 4 ഹാളുകളിലായി ഗുരുവിന്റെ കുട്ടിക്കാലം മുതലുള്ള നാല് വ്യത്യസ്ത ജീവിത കാലയളവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മൾട്ടിമീഡിയ സംവിധാനത്തിലൂടെ അവതരിപ്പിക്കും. മികവാർന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏറെ അംഗീകാരങ്ങൾ നേടിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം നിർവഹിക്കുക. ഒന്നര വർഷത്തിനുള്ളിൽ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ സെന്റർ നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ശിവഗിരി തീർത്ഥാടന കാലത്ത് പതിനായിരകണക്കിനാളുകളാണ് ചെമ്പഴന്തിയിലെത്തുന്നത്. ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് കാണുന്നതിന് എത്തുന്ന തീർത്ഥാടകർക്കും സഞ്ചാരികൾക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് കൺവെൻഷൻ സെന്റർ സ്ഥാപിക്കുന്നത്. ശ്രീനാരായണ ജയന്തി അടക്കം നിരവധി ആഘോഷ പരിപാടികൾ നടക്കുന്ന ചെമ്പഴന്തി ഗുരുകുലത്തിൽ ഒരു കൺവെൻഷൻ സെന്റർ എന്ന എറെക്കാലമായുള്ള ആവശ്യമാണ് സംസ്ഥാന സർക്കാർ നിറവേറ്റുന്നതെന്നും മന്ത്രി പറഞ്ഞു.